ഭീകരാക്രമണം; കനേഡിയന്‍ മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും കൊല്ലപ്പെട്ടു


JULY 13, 2019, 6:21 PM IST

മൊഗാദിഷു: സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവുമുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സൊമാലിയയിലെ തുറമുഖനഗരമായ കിസ്മയോയില്‍ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കനേഡിയന്‍ മാധ്യമപ്രവര്‍ത്തക ഹൊദാന്‍ നലായെയും (43) ഭര്‍ത്താവ് ഫരീദുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറിലെത്തിയ ചാവേര്‍ ഹോട്ടലിനു പുറത്ത് സ്‌ഫോടനം നടത്തിയതിനു ശേഷം തൊക്കുധാരികള്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ച് വെടിവയ്ക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ചാവേര്‍ ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തി. പിന്നാലെ തൊക്കുധാരികള്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ത്തു.

വരുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഹോട്ടലിനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായതിനു പിന്നാലെ ഹോട്ടലിനുള്ളില്‍നിന്നും വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.