കാനഡ കോവിഡ് സഹായ പിന്തുണയില്‍ ചിലത് ഈ ആഴ്ച അവസാനിക്കും


OCTOBER 17, 2021, 11:56 PM IST

ഒന്റാരിയോ: ഫെഡറല്‍ സര്‍ക്കാറിന്റെ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള കോവിഡ് പിന്തുണകളില്‍ പലതും ഈ ആഴ്ച അവസാനിക്കും. പുതിയ നിയമനിര്‍മാണം നടത്താതെ അവയില്‍ മിക്കതും ഹ്രസ്വകാലത്തേക്ക് ദീര്‍ഘിപ്പിക്കാനാകും. 

ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള പിന്തുണ അവസാനിക്കുമെന്ന കാര്യത്തില്‍ ബോധ്യമുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്താന്‍ ഇത് തുടരേണ്ടതുണ്ടെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. മാത്രമല്ല ഫെഡറല്‍ സര്‍ക്കാര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നു. 

കനേഡിയന്‍ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നത് മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും രാജ്യം സമ്പദ് വ്യവസ്ഥ നിയന്ത്രണത്തിന്റെ മറ്റൊരു ഘട്ടത്തിലാണെന്നും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയിലെ തൊഴിലെണ്ണത്തില്‍ താന്‍ വളരെ സന്തുഷ്ടയാണെന്നു പറഞ്ഞ ക്രിസ്റ്റിയ വീണ്ടും തുറക്കുന്ന സാഹചര്യമായതിനാല്‍ നേരത്തെ പദ്ധതികള്‍ നടപ്പാക്കിയ ഘട്ടത്തില്‍ നിന്നും വ്യത്യസ്തമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും വ്യക്തമാക്കി. 

ഉചിതമായ നടപടികളെ കുറിച്ച് സാമ്പത്തിക വിദഗ്ധര്‍, ബിസിനസ്, ജോലിക്കാര്‍ തുടങ്ങിയവരുടെ ഗ്രൂപ്പുകള്‍, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി കൂടിയാലോചന നടത്തുകയാണെന്നും അവര്‍ പറഞ്ഞു. എങ്കിലും ഭാവിയെ കുറിച്ചുളള അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. 

കോവിഡ് വ്യാപിക്കുന്നതിനെ കുറിച്ച് കൃത്യമായി പ്രവചിക്കാനാവാത്തതിനാല്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളോട് പ്രതികരിക്കാനാവുന്ന തരത്തിലുള്ള സമീപനം കൂടി ഉണ്ടായിരിക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് സഹായമായി പ്രഖ്യാപിച്ച പദ്ധതികളില്‍ അഞ്ചെണ്ണം ഒക്ടോബര്‍ 23നാണ് അവസാനിക്കുക. അവയില്‍ മൂന്നെണ്ണം വ്യക്തികള്‍ക്കും രണ്ടെണ്ണം ബിസിനസുകള്‍ക്കുമുള്ള പദ്ധതികളാണ്. 

ബിസിനസുകള്‍ക്കുള്ള കാനഡ എമര്‍ജന്‍സി റെന്റ് സബ്‌സിഡിയും കാനഡ എമര്‍ജന്‍സി വേജ് സബ്‌സിഡിയുമാണ് ഒക്ടോബര്‍ 23ന് അസാനിക്കുന്ന പദ്ധതികള്‍. ഇവ ഫെഡറല്‍ കാബിനറ്റ് നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒക്ടോബര്‍ 23ന് പദ്ധതി അവസാനിക്കുമെങ്കിലും ഓരോ ക്ലെയിം കാലയളവിനും അപേക്ഷിക്കാനുള്ള സമയപരിധി ക്ലെയിം കാലയളവ് അവസാനിച്ചതിന് ശേഷം ആറു മാസമാണ്. അതുകൊണ്ടുതന്നെ പ്രോഗ്രാമിന്റെ അവസാന ആഴ്ചയില്‍ അടച്ച വേതനത്തിന് ബിസിനസുകള്‍ക്ക് ഏപ്രില്‍ 21 വരെ ക്ലെയിം ചെയ്യാനാവും. 

കോവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ വേതനവും വാടക പിന്തുണയും നല്കുമെന്ന് ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലിബറലുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ശൈത്യകാലത്തെ മറികടക്കാന്‍ 75 ചെലവിന്റെ 75 ശതമാനം വരെ സഹായിക്കാമെന്നായിരുന്നു വാഗ്ദാനമെങ്കിലും അക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്റന്റ് ബിസിനസും കനേഡിയന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും കാനഡയിലെ എല്ലാ ബിസിനസുകള്‍ക്കും വിപുലീകരണ പദ്ധതികള്‍ ബാധകമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 

പദ്ധതികളെല്ലാം നവംബറിലേക്ക് നീട്ടുന്നതിന് അടിയന്തിരമായി മുന്‍ഗണന നല്കണമെന്നും തുടര്‍ന്ന് സഭ ആരംഭിക്കുന്നതോടെ കൂടുതല്‍ പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന നിയമനിര്‍മാണം നടത്തണമെന്നും ചേംബര്‍ വക്താവ് അല്ലാഡ്രിഗോള ബിര്‍ക്ക് സി ബി സി ന്യൂസിനോട് പറഞ്ഞു. ബിസിനസുകള്‍ക്ക് ഇപ്പോള്‍ പിന്തുണയും ഉറപ്പും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് നാലാം തരംഗത്തെതുടര്‍ന്ന് ചെറുകടി ബിസിനസുകളില്‍ പലതും ഇപ്പോഴും പ്രതിസന്ധിയിലാണെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്റന്റ് ബിസിനസ് പറഞ്ഞു. പൂര്‍ണമായും തുറന്നിരിക്കുന്നത് 76 ശതമാനം ചെറുകിട ബിസിനസുകളാണെന്നും അതില്‍ 45 ശതമാനം മാത്രമാണ് പൂര്‍ണമായി ജീവനക്കാരുള്ളതെന്നും 49 ശതമാനം മാത്രമാണ് സാധാരണ വരുമാനം കൊണ്ടുവരുന്നതെന്നും അവര്‍ പറഞ്ഞു. 

ബിസിനസ് ഉടമകളാരും എക്കാലത്തേക്കും സര്‍ക്കാര്‍ പിന്തുണ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതുവരെ അവര്‍ക്ക് ആശ്രയം നല്കണമെന്നുമാണ് ആവശ്യം. ബിസിനസുകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്റന്റ് ബിസിനസിന്റെ കോറിന്‍ പോള്‍മാന്‍ പറഞ്ഞു. 

2022 മാര്‍ച്ച് 31 വരെ വാടക, വേതന സബ്‌സിഡികള്‍ നീട്ടണമെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്റന്റ് ബിസിനസ് ആവശ്യപ്പെട്ടു. നവംബര്‍ 20ന് അവസാനിക്കുന്ന കാനഡ റിക്കവറി ഹയറിംഗ് പ്രോഗ്രാമും ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യമുന്നയിക്കുന്നത്. 

കാനഡ റിക്കവറി ബെനിഫിറ്റ്, കാനഡ റിക്കവറി സിക്ക്‌നെസ് ബെനിഫിറ്റ്, കാനഡ റിക്കവറി കെയര്‍ഗിവര്‍ ബെനിഫിറ്റ് എന്നിവയാണ് ഒക്ടോബര്‍ 23ന് അവസാനിക്കുന്ന വ്യക്തിഗത പദ്ധതികള്‍. ഈ പദ്ധതികളും നവംബര്‍ 20 വരെ ദീര്‍ഘിപ്പിക്കാമെങ്കിലും അതിനപ്പുറം നീട്ടാന്‍ പുതിയ നിയമ നിര്‍മാണം നടത്തേണ്ടതുണ്ട്.

Other News