വീടകങ്ങളിലെ രുചി ഫാക്ടറികളിലൊരുങ്ങുന്ന ദക്ഷിണേഷ്യന്‍ വിഭവങ്ങള്‍


NOVEMBER 24, 2021, 12:16 AM IST

ടോറന്റോ: എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് തുടങ്ങും നില്‍പ ജദേജയുടെ അടുക്കള 'ഫാകടറി'. ആ സമയത്ത് വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം നല്ല ഉറക്കത്തിലായിരിക്കും. 

തലേന്ന് വൈകിട്ട് വാങ്ങിയ പച്ചക്കറി കഴുകി മുറിച്ച് ഉള്ളിയരിഞ്ഞ് മസാലക്കൂട്ടുകള്‍ ഒരുക്കി ഇന്ത്യന്‍ ഭക്ഷണമൊരുക്കുന്ന തിരക്കിലാകും നില്‍പ ജദേജ. ഒരു മണിക്കൂറിന് ശേഷം സഹായി കൂടി വരുന്നതോടെ നില്‍പയുടെ അടുക്കള വലിയൊരു തൊഴില്‍ കേന്ദ്രമായി മാറും.

ഗാരേജില്‍ സജ്ജീകരിച്ച രണ്ട് പ്രൊപെയ്ന്‍ ഗ്യാസ് ബര്‍ണറുകളിലാണ് നില്‍പ ജദേജ ഭക്ഷണം തയ്യാറാക്കുന്നത്. അടുക്കി വെച്ച പയറും പരിപ്പും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ഒന്നൊന്നായി ഭക്ഷണമായി മാറുന്നതോടെ രാവിലെ 10 മണിയാകുമ്പോഴേക്കും പാക്ക് ചെയ്ത് കാത്തിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കൈമാറും. ബ്രാംപ്ടണിലും പരിസരത്തുമുള്ള 45 വീടുകളിലേക്ക് നില്‍പയുടെ ഭക്ഷണമെത്തും. രണ്ട് കറികളങ്ങുന്ന വെജിറ്റബിള്‍ ഭക്ഷണ വിഭവങ്ങളില്‍ ചോറും റൊട്ടിയുമുണ്ടാകും.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഗാര്‍ഹിക പാചക വിപണി വലിയ തോതില്‍ വളര്‍ന്നത്. അതിനനുസരിച്ച് മത്സരവും വര്‍ധിച്ചു. തൊഴിലാളികളും അന്തര്‍ദേശീയ വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം ഗാര്‍ഹിക പാചകക്കാരുടെ ഭക്ഷണം. താങ്ങാവുന്ന വിലയില്‍ നാട്ടിലെ ഭക്ഷണം ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. 

കോവിഡ് ആരംഭിച്ചതു മുതല്‍ നില്‍പ ജദേജ തന്റെ കമ്യൂണിറ്റിയിലുള്ള പലരേയും കുറിച്ച് കേട്ടിരുന്നു. പ്രത്യേകിച്ച് ജോലിയുള്ള രക്ഷിതാക്കള്‍ക്ക് അടുക്കള ഭരണം കൂടി നടത്താനാവാത്ത അവസ്ഥ. അവരാകട്ടെ വീട്ടില്‍ ഇന്ത്യന്‍ ഭക്ഷണം വിളമ്പാന്‍ അവര്‍ പാടുപെടുകയാണ്. ഇതിന് പരിഹാരമായാണ് പാചകം ഇഷ്ടമായ നില്‍പ ആ രംഗത്തേക്ക് തിരിഞ്ഞത്. പാചകം ഇഷ്ടമായതിനാല്‍ താന്‍ കുറച്ചാളുകള്‍ക്ക് എന്തുകൊണ്ട് ടിഫിന്‍ സേവനം ആരംഭിക്കാമെന്ന് കരുതിയെന്ന് അവര്‍ പറഞ്ഞു. 

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ടിഫിന്‍ എന്ന പദം പ്രചരിച്ചത്. അക്കാലത്ത് ഉച്ചക്ക് ശേഷമുള്ള ലളിതമായ ചായ കുടിക്കലിനെയാണ് ടിഫിന്‍ എന്ന പദം അര്‍ഥമാക്കിയതെങ്കിലും പിന്നീട് ഇന്ത്യയിലാകമാനം വീട്ടിലുണ്ടാക്കിയ ഉച്ച ഭക്ഷണം കഴിക്കുന്നതിന് ഈ പേര് വിളിക്കാന്‍ തുടങ്ങി. വയലില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ മുതല്‍ മുംബൈയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ വന്‍ നഗരങ്ങളില്‍ ഓഫിസില്‍ പോകുന്നവര്‍ വരെ ദശലക്ഷക്കണക്കിന് പേരാണ് തൊഴിലടങ്ങളിലേക്ക് ടിഫിന്‍ കൊണ്ടുപോകുന്നത്. ഉച്ച ഭക്ഷണം ചില കേന്ദ്രങ്ങളില്‍ ഡബ്ബാവാലകളാണ് വിതരണം ചെയ്യുന്നത്. 

ബ്രാംപ്ടണ്‍ ഉള്‍പ്പെടെ ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്ത് ഇന്ത്യന്‍, തെക്കനേഷ്യന്‍ പാചകത്തെ കുറിച്ച് വാമൊഴിയായി പ്രചരിച്ച് ഭക്ഷണം ലഭ്യമായിരുന്നെങ്കിലും കോവിഡ് കാലത്താണ് ഇത് വ്യാപകമായത്. കോവിഡ് കാലത്താണ് ഡെലിവറി അടിസ്ഥാനമാക്കിയ ടിഫിന്‍ സേവനം വര്‍ധിച്ചത്. സാധാരണയായി വീടുകളില്‍ പാചകം ചെയ്യുന്നത് സ്ത്രീകളായതിനാല്‍ ഈ രംഗത്തും വീട്ടമ്മമാരുടെ സാന്നിധ്യമാണുണ്ടായത്. ആവശ്യം സമയം ബാക്കിയുണ്ടായിരുന്ന വീട്ടമ്മമാര്‍ക്ക് ഇത്തരം ബിസിനസുകളിലൂടെ വരുമാനമുണ്ടാക്കാന്‍ സാധിച്ചതോടെ സാമ്പത്തിക ഉത്തേജനവും വരുമാനം നേടലും സാധിച്ചു. ചില കുടുംബങ്ങളുടെ പ്രധാന അന്നദാതാക്കള്‍ പോലും ഇത്തരം ബിസിനസ് ചെയ്യുന്ന വനിതകളാണ്. 

സാമൂഹ്യ മാധ്യമങ്ങള്‍ വഴി എളുപ്പത്തില്‍ പ്രചരണം നടത്താമെന്നതും പാര്‍ട്ട് ടൈം ഡെലിവറി ഡ്രൈവര്‍മാരുടെ സേവനവും ടിഫിന്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരമായി. കോവിഡ് നിരക്കുകളോടൊപ്പം തൊഴിലില്ലായ്മയും വര്‍ധിച്ചതോടെ പലരുടേയും അത്താണിയായി മാറി ഈ ബിസിനസ്. 

ഈ വര്‍ഷം ജനുവരിയിലാണ് നില്‍പ ജദേജ തന്റെ ടിഫിന്‍ സേവനം ആരംഭിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്തൃ അടിത്തറ വികസിക്കുകയും വിപുലീകരണത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യുകയാണ്. 

ഇന്ത്യയില്‍ സമയം വെറുതെ ചെലവഴിച്ച താന്‍ കാനഡയിലൊരു ബിസിനസ് തുടങ്ങുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ് നില്‍പ ജദേജ പറയുന്നത്. 

അടുത്തിടെ കാനഡയിലേക്ക് കുടിയേറിയ തിരക്കുള്ള ബിസിനസുകാരായ ബിക്രം സിംഗും അദ്ദേഹത്തിന്റെ ഭാര്യയും പ്രാദേശിക പഞ്ചാബി വീട്ടില്‍ നിന്നാണ് ടിഫിന്‍ കഴിക്കുന്നത്. ബിന്ദി മസാലയും ലൗകി ദാലും കരേല സബ്ജിയുമൊക്കെയാണ് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യാറുള്ളതെന്നും ഇതു കഴിക്കുമ്പോള്‍ തന്റെ കുട്ടിക്കാലത്തേക്ക് യാത്ര പോകുന്നതുപോലെ അനുഭവപ്പെടുമെന്നും സിംഗ് പറയുന്നു. വയറും മനസ്സും നിറക്കുന്ന സുഖകരമായ ഭക്ഷണമാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

എന്നാല്‍ നിരവധി ടിഫിന്‍ നിര്‍മാതാക്കള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങളെ ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ പരസ്പരം പറഞ്ഞറിയുന്നതിനും സ്വകാര്യ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മാത്രം അവര്‍ തങ്ങളുടെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നത്. അതേസമയം തെക്കനേഷ്യന്‍ റസ്റ്റോറന്റുകള്‍ പലതും വലിയ തോതില്‍ ടിഫിന്‍ വിതരണം നടത്തുന്നുണ്ട്. നിയമങ്ങളെല്ലാം അനുസരിച്ച് ബിസിനസ് ചെയ്യുന്ന തങ്ങള്‍ക്ക് വീടുകളിലെ പാചകം ഭീഷണിയാണെന്നും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് പറയുന്നു. 

ഗാര്‍ഹിക ടിഫിന്‍ നടത്തിപ്പുകള്‍ക്ക് പ്രത്യേക ലൈസന്‍സ് നല്‍കാന്‍ ഒന്റാരിയോ ശ്രദ്ധിക്കണമെന്നും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കണമെന്നും റസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്റ് സിംഗ് പറയുന്നു. ഗാര്‍ഹിക അടുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആരോഗ്യ ശുചിത്വ കാര്യങ്ങളും മറ്റുള്ളവയും വിശദീകരിച്ച് നല്കണമെന്നും വീട്ടിലെ അടുക്കളയുടെ സാധ്യതകള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. 

Other News