കോവിഡ് കുട്ടികളിലും വര്‍ധിക്കുന്നതായി കാനഡയിലെ കണക്കുകള്‍


JANUARY 7, 2022, 11:25 PM IST

ഒന്റാരിയോ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുട്ടികളും കൗമാരപ്രായക്കാരും മാത്രമല്ല നവജാത ശിശുക്കളുമുണ്ട്. ഒമിക്രോണ്‍ അണുബാധ രാജ്യത്തുടനീളം അഭൂതപൂര്‍വ്വമായാണ് കുതിച്ചുയരുന്നത്. 

ഒന്നിലേറെ ആശുപത്രികളില്‍ കോവിഡ് ബാധിച്ച യുവ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലെ രാജ്യത്തെ ഏറ്റവും വലിയ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ചെറുപ്രായക്കാരിലെ കോവിഡ് രോഗം വര്‍ധിക്കുകയാണെന്ന് സി ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓട്ടവയിലേയും ഹാമില്‍ട്ടണിലേയും രണ്ട് പീഡിയാട്രിക്ക് കേന്ദ്രങ്ങളില്‍ ഡിസംബര്‍ ആറു മുതല്‍ ആറ് ശിശുക്കളെയാണ് കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ചത്. 

വ്യക്തമായി പറഞ്ഞാല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കോവിഡ് ചെറിയ രോഗമായി തുടരുന്നുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. യുവാക്കള്‍ക്കിടയിലെ ആശുപത്രിവാസത്തിന്റെ വര്‍ധനവ് കൂടുതല്‍ പേരെ ബാധിക്കാനുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ അസാധാരണമായ കഴിവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. 

ഒമിക്രോണ്‍ അണുബാധ ശ്വാസകോശത്തേക്കാള്‍ ശ്വാസനാളത്തെ ബാധിക്കുന്നത് ചില കുട്ടികളെ മുതിര്‍ന്നവരേക്കാള്‍ കഠിനമായി ബാധിച്ചേക്കാമെന്ന സൂചനകളും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്. 

സാധാരണ കോവിഡില്‍ നിന്നുള്ള വ്യത്യാസം ഒമിക്രോണ്‍ ബാധിച്ചാല്‍ ശ്വാസം കഴിക്കാന്‍ സാധിക്കുമെന്നതിനാല്‍ കുട്ടികളില്‍ ജലദോഷം പോലുള്ള ലക്ഷണങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളില്‍ ആസ്തമയായും രോഗം പ്രത്യക്ഷപ്പെടുന്നതായി മോണ്‍ട്രിയല്‍ സെന്റ് ജസ്റ്റിന്‍ ആശുപത്രിയിലെ പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ കക്കര്‍ പറഞ്ഞു. 

കാനഡയിലെ ഏറ്റവും വലിയ മാതൃ- ശിശു സംരക്ഷണ കേന്ദ്രമായ കക്കറിന്റെ ആശുപത്രിയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കോവിഡിന്റെ പീഡിയാട്രിക് വാര്‍ഡ് വീണ്ടും തുറന്നത്. ഇപ്പോള്‍ ദിവസവും അഡ്മിഷനുള്ള വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ ഇരട്ടി രോഗികളാണുള്ളത്. 

നേരത്തെ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന രീിയിലാണ് രോഗബാധ കാണുന്നതെന്നും അതിന്റെ ഭാഗമായാണ് നിരവധി കേസുകള്‍ ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. ചിലത് കോവിഡാണെങ്കില്‍ മറ്റു ചിലത് മറ്റു രോഗങ്ങളോ കാരണങ്ങളോ ആണ് ആശുപത്രിയിലെത്തിക്കുന്നത്. പ്രവേശന സമയത്ത് കോവിഡ് പരിശോധന നടത്തുമെന്നും കക്കര്‍ വിശദീകരിച്ചു. 

നേരത്തെ ഉണ്ടായിരുന്ന തരംഗങ്ങളില്‍ കുഞ്ഞുങ്ങളെ കോവിഡ് ബാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ജനിച്ച് 30 ദിവസം തികയുന്നതിനുമുമ്പേ കാര്യമായ അസുഖങ്ങള്‍ പിടിപെടുകയാണെന്നും അവര്‍ പറഞ്ഞു. 

ഒമിക്രോണ്‍ തരംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. അതുകൊണ്ടുതന്നെ കൃത്യമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് സാധിക്കുന്നില്ല. 

കുട്ടികളുടെ കോവിഡ് വര്‍ധന ഒന്റാരിയോയിലാണ് കൂടുതല്‍ രേഖപ്പെടുത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള രണ്ടായിരത്തോളം പേര്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ കുട്ടികളുടെ ആശുപത്രിയിലും വര്‍ധനവ് കാണിക്കുന്നുണ്ട്. 

കുഞ്ഞുങ്ങള്‍ക്ക് രോഗബാധയുണ്ടാകുന്നത് രോഗപ്രതിരോധ സംവിധാനങ്ങളെ ഉള്‍പ്പെടെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വാക്‌സിന്‍ ചെയ്യാത്ത അമ്മമാരില്‍ നിന്നാണ് ശിശുക്കളില്‍ നിരവധി പേര്‍ക്ക് അസുഖബാധയുണ്ടായത്. 

ഒന്റാരിയോയിലെ കണക്കുകള്‍ പ്രകാരം നവജാത ശിശുക്കള്‍ മുതല്‍ നാലു വയസ്സുവരെ അംഗീകൃത വാക്‌സിനില്ലാത്ത വിഭാഗത്തിലെ പ്രായക്കാരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധവുണ്ടായിട്ടുണ്ട്. 

Other News