ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നെന്ന് കാനഡക്കാര്‍ വിശ്വസിക്കുന്നതായി സര്‍വേ


OCTOBER 13, 2021, 11:49 PM IST

ഓട്ടവ: ഫേസ്ബുക്കിനെ പിടിച്ചു കുലുക്കുന്നൊരു അഭിപ്രായവുമായി കാനഡക്കാര്‍. ലെഗറിന്റേയും അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസിന്റേയും ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 40 ശതമാനം പേരും ഫേസ്ബുക്കിനെ കുറിച്ച് നിഷേധാത്മക അഭിപ്രായമുണ്ടെന്നാണ് രേഖപ്പെടുത്തിയത്. 

ഫേസ്ബുക്ക് വിദ്വേഷ പ്രചരണം വര്‍ധിപ്പിക്കുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുകയും വ്യക്തികളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുകയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ബഹുഭൂരിപക്ഷം പേരും പറഞ്ഞു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ സാമൂഹ്യ മാധ്യമം സഹായിക്കുമെന്നാണ് നാലില്‍ മൂന്നുപേരും വിശ്വസിക്കുന്നത്. വിവരങ്ങള്‍ പങ്കിടുന്നതിനും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും അനുകൂലമാണ് ഫേസ്ബുക്കെന്ന അഭിപ്രായം 50 ശതമാനം പേര്‍ രേഖപ്പെടുത്തുകയും ചെയ്തു. 

ഒക്ടോബര്‍ എട്ടു മുതല്‍ 10 വരെ നടത്തിയ ഓണ്‍ലൈന്‍ പോളില്‍ 1545 കനേഡിയന്മാരാണ് പങ്കെടുത്തത്. ഇന്റര്‍നെറ്റ് അധിഷ്ഠിത വോട്ടെടുപ്പുകള്‍ ക്രമരഹിതമായ സാമ്പിളുകളായി കണക്കാക്കാത്തതിനാല്‍ പിഴവു പറ്റാനുള്ള മാര്‍ജിന്‍ അസൈന്‍ ചെയ്യാനായിട്ടില്ലെന്ന് സര്‍വേ നടത്തിയവര്‍ പറയുന്നു. 

കാനഡക്കാര്‍ ഫേസ്ബുക്കിനെ ആശ്രയിക്കുന്നുണ്ടെങ്കിലും അതിനോട് ശക്തമായ താത്പര്യമില്ലെന്നാണ് കാണിക്കുന്നതെന്ന് ലെഗര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ബോര്‍ക് പറഞ്ഞു. ഫേസ്ബുക്കിന്റെ അല്‍ഗോരിതങ്ങള്‍ ഉപയോക്താക്കളുടെ ആത്മാഭിമാനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക് നിന്നെ ആവശ്യമുണ്ടെങ്കിലും നിന്നോടെനിക്ക് ഇഷ്ടമൊന്നുമില്ല എന്ന തരത്തിലുള്ള ബന്ധമാണെന്നും ബോര്‍ക്ക് പറഞ്ഞു. 

ഫേസ്ബുക്കിനൊരു കോര്‍പറേറ്റ് ഇമേജ് പ്രശ്‌നമുണ്ടെന്നും അതിനെയവര്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പലപ്പോഴും കുട്ടികള്‍ക്കും ധ്രുവീകരണത്തിനും കാരണമാകുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ചയാണ് യു എസ് സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ ഫേസ്ബുക്ക് വിസില്‍ബ്ലോവര്‍ ഫ്രാന്‍സിസ് ഹൗഗന്‍ മൊഴി നല്കിയത്. ഇക്കാര്യം വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. 

മാത്രമല്ല മുന്‍ എക്‌സിക്യൂട്ടീവും ഫേസ്ബുക്കിനെതിരെ പ്രതികരിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തേയും ഗൂഡാലോചന സിദ്ധാന്തത്തേയും അവര്‍ തുറന്നു കാട്ടുകയും ചെയ്തു. 

ഫേസ്ബുക്കിന്റെ അവസ്ഥ ഉള്ളി പോലെയാണെന്നും അതില്‍ നിന്നുള്ള ചോര്‍ച്ച അടിസ്ഥാനപരമായി ഒരു പാളി മാത്രമാണെന്നും ബോര്‍ക്ക് പറഞ്ഞു. ജനുവരി ആറിലെ പ്രക്ഷോഭത്തിന് മുന്നോടിയായി യു എസ് ക്യാപിറ്റല്‍ ആക്രമിക്കാന്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ആഹ്വാനം ചെയ്ത ഇടമായും അദ്ദേഹം ഫേസ്ബുക്കിനെ ചൂണ്ടിക്കാട്ടി. ഒരു കമ്പനിക്കെതിരെ പറയാന്‍ ഒരു സംഭവം മാത്രം പര്യാപ്തമല്ലെങ്കിലും സംഭവങ്ങളുടെ പരമ്പരയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തങ്ങള്‍ക്കെതിരെ തെറ്റായ വിവരങ്ങളും ഹാനികരമായ ഉള്ളടക്കവും ലക്ഷ്യമിടുന്ന പ്രചരണങ്ങള്‍ നടക്കുകയാണെന്ന് ഫേസ്ബുക്ക് കാനഡ പറഞ്ഞു. കനേഡിയന്‍മാര്‍ അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും ബിസിനസുകള്‍ വളര്‍ത്താനും പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കിടാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതായും അവര്‍ പറഞ്ഞു. നിരവധി വിദ്വേഷ സംഘടനകളെ ഫേസ്ബുക്ക് നിരോധിച്ചതും ഓണ്‍ലൈനിലെ വിദ്വേഷവും പക്ഷപാതവും തീവ്രവാദവും സംബന്ധിച്ച ഒന്റാറിയോ ടെക് യൂണിവേഴ്‌സിറ്റിയുടെ സെന്ററുമായുള്ള അഞ്ച് ലക്ഷം ഡോളര്‍ പങ്കാളിത്തവും ഗവേഷണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. 

ഏകദേശം 2.9 ബില്യന്‍ സജീവ പ്രതിമാസ ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനുകളായ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. അവയില്‍ ഓരോന്നിനും കുറഞ്ഞത് 1.3 ബില്യന്‍ ഉപയോക്താക്കളാണുള്ളത്. 

ഇന്റര്‍നെറ്റിന് ചിന്തനീയമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും കനേഡിയന്‍ നയനിര്‍മാതാക്കളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് കാനഡ പറഞ്ഞു. 

പ്രതികരിച്ചവരില്‍ അഞ്ചിലൊരാള്‍ക്ക് മാത്രമേ ഫേസ്ബുക്ക് സഹസ്ഥാപകനും സി ഇ ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് നല്ല അഭിപ്രായം പറയാനുണ്ടായിരുന്നുള്ളു. പകുതിയോളം പേര്‍ക്ക് നല്ല അഭിപ്രായമുണ്ടായിരുന്നില്ല. മൂന്നിലൊന്നു പേര്‍ക്ക് അഭിപ്രായവുമുണ്ടായിരുന്നില്ല. 

പ്രതികരിച്ചവരില്‍ 87 ശതമാനവും കമ്പനി തെറ്റായ വിവരങ്ങല്‍ക്ക് സംഭാവന നല്കുന്നുവെന്നും യുവാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ മാസത്തെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രസംഗവും അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനം നല്കി. ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഫേസ്ബുക്ക്, യൂട്യൂബ്, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള ഒരു ബില്‍ അവതരിപ്പിച്ചതിന് ശേഷമാണ് ഈ വാഗ്ദാനം നല്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സെനറ്റില്‍ അത് ഇല്ലാതാവുകയായിരുന്നു.

Other News