ഇന്ത്യന്‍ ടെക്കികള്‍ കാനഡയിലേക്ക്


JULY 1, 2019, 7:25 PM IST

വിദേശത്തുനിന്നുള്ള വിദഗ്ധരെ ജോലിക്കു നിയമിക്കുന്നതിനായി കാനഡ ആവിഷ്‌ക്കരിച്ച പദ്ധതി ആയിരക്കണക്കിന് ടെക്കികളെയും മറ്റു വിദഗ്ധരെയും ആകര്‍ഷിക്കുകയാണ്. 

യുഎസിന്റെ കുടിയേറ്റ നയങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ അസംതൃപ്തരായവര്‍ ഇപ്പോള്‍ കാനഡയിലേക്കാണ് പോകുന്നത്. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാനഡ ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി നടപ്പാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 24000ത്തോളം പേരാണ് ഈ പദ്ധതിയുടെ ഫലമായി കാനഡയില്‍ ജോലി ചെയ്യുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. വളരെ ഉയര്‍ന്ന അന്താരാഷ്ട്ര വൈദഗ്ധ്യം ആവശ്യപ്പെടുന്ന തൊഴിലുകള്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍പോലും ഇതനുസരിച്ച് നല്‍കാറുണ്ട്. മാനേജര്‍മാര്‍, ഗവേഷകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ചുരുങ്ങിയ  കാലത്തേക്ക് ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നു. 

ഉയര്‍ന്ന വൈദഗ്ധ്യമുള്ള  ടെക് തൊഴിലാളികള്‍ യുഎസിലേക്ക് കുടിയേറുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന് നേര്‍വിപരീതമായാണ് കാനഡ നീങ്ങുന്നത്.വിദേശ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗംകൂടിയാണത്. കനേഡിയന്‍ ടെക് കമ്പനികള്‍ വൈദഗ്ധ്യമുള്ളവയായി മാറുന്നതിനു ഈ നയം സഹായിക്കുമെന്ന് കനേഡിയന്‍ കുടിയേറ്റ മന്ത്രി അഹമ്മദ് ഹുസ്സയിന്‍ പറഞ്ഞു. രണ്ടാഴ്ചകള്‍ മാത്രം നീളുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് കാനഡയിലെ കമ്പനികള്‍ക്ക് കഴിയുന്നു. 

തൊഴിലാളികളുടെ നാലിലൊരു ഭാഗത്തോളം വന്നത് യുഎസില്‍ നിന്നുമാണ്. ട്രംപ് ഭരണം കര്‍ക്കശമാക്കിയ വിസ നയങ്ങളില്‍ അസംതൃപ്തരായ വിദേശ തൊഴിലാളികളാണവര്‍. കമ്പ്യൂട്ടര്‍, മീഡിയ പ്രോഗ്രാമേഴ്‌സ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ എന്നിവരാണ് ഇതുവരെയും ഈ നയത്തിന്റെ നേട്ടമനുഭവിച്ച ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗക്കാര്‍. 

തൊഴില്‍ നേടിയവര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളായ 16,000ത്തോളം പേരും എത്തിയിട്ടുണ്ട്. അവര്‍ക്കും കാനഡയില്‍ തൊഴിലെടുക്കുന്നതിനും പഠിക്കുന്നതിനും കഴിയും. 

പ്രായമേറുന്ന ജനങ്ങളും മന്ദീഭവിക്കുന്ന വളര്‍ച്ചയുംകാരണം വിഷമാവസ്ഥയെ നേരിടുകയായിരുന്ന കനേഡിയന്‍ സമ്പദ്ഘടനക്ക് ശുഭസൂചകമായ ഒന്നാണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തിലുണ്ടാകുന്ന   വര്‍ദ്ധനവ്. സമ്പദ്ഘടനയുടെ മറ്റമേഖലകളില്‍ മന്ദത അനുഭവപ്പെടുന്നുവെങ്കിലും അന്താരാഷ്ട്ര കുടിയേറ്റത്തില്‍  

വന്നിട്ടുള്ള വര്‍ദ്ധനവ് തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരെല്ലാം തൊഴിലെടുക്കുന്ന പ്രായ പരിധിയിലുള്ളവരാണ്. 

കഴിഞ്ഞവര്‍ഷം കാനഡയില്‍ 321,065  കുടിയേറ്റക്കാരെത്തി. 1913നു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. വിദ്യാര്‍ത്ഥികള്‍,താല്‍ക്കാലിക  തൊഴിലാളികള്‍ എന്നിവരെപ്പോലെ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. വിദേശ തൊഴിലാളികളുടെ വരവോടെ  കാനഡയുടെ ജനസംഖ്യയില്‍ കഴിഞ്ഞവര്‍ഷം 528,421  പേരുടെ വര്‍ദ്ധനയുണ്ടായി. 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ടെക് ജോലികളില്‍ ലോകത്ത് അതിവേഗം വളരുന്ന നഗരമായി ടോറോന്റോ മാറിയിട്ടുമുണ്ട്.