ഉത്തര കൊറിയയെ പിന്തുണച്ചതിന്റെ പേരില്‍ 16 ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി


MARCH 8, 2018, 4:46 PM IST

ഉത്തര കൊറിയയുടെ ആണവ പ്രോഗ്രാമിന് പിന്തുണ നല്‍കി അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് 16 ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. വലിയ നാശം വിതയ്ക്കുന്ന ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും, മേഖലയെ അസ്വസ്ഥമാക്കുന്നതിനും ഉത്തര കൊറിയയ്ക്ക് വരുമാനമുണ്ടാക്കാന്‍ സഹായിച്ച ഇവരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിന്‍ പ്രസ്താവിച്ചു.അമേരിക്കയുടെ ഉപരോധ നടപടികള്‍ നിയന്ത്രിക്കുന്നത് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റാണ്. ഇപ്പോള്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളും കമ്പനികളും ഉത്തര കൊറിയയുടെ ആണവ - ബാലസ്റ്റിക് മിസൈല്‍ പ്രോഗ്രാമുകളെ സഹായിച്ചവരാണെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ആ രാജ്യത്തിന്റെ ഊര്‍ജ വ്യാപാരത്തെ സഹായിച്ചവരും, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടന്നതിന് സഹായം നല്‍കിയവരുമൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.അമേരിക്കന്‍ മണ്ണില്‍ എത്തുന്ന മിസൈല്‍ വികസിപ്പിച്ചുവെന്ന് പ്ലോംഗ് യാംഗ് അവകാശപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടത്തുന്ന വാക് പോരിന്റെ തുടര്‍ച്ചയാണ് ഈ നടപടി. നേരത്തെ യു.എന്‍ കൂടുതല്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തര കൊറിയയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതായി ചൈന അറിയിച്ചിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഉത്തര കൊറിയയെ പിന്തുണച്ചിരുന്ന ഏക രാജ്യമായ ചൈനയുടെ നടപടി ഇത്തരത്തിലുണ്ടാകുന്നത് ഇതാദ്യമാണ്. 

Other News