കാനഡ സന്ദര്‍ശിച്ച യു.എസ് പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന


AUGUST 26, 2019, 8:31 PM IST

ടൊറന്റോ: 2019 ന്റെ ആദ്യപാദത്തില്‍ കാനഡ സന്ദര്‍ശിച്ചത് 12.3 മില്ല്യണ്‍ യു.എസ് പൗരന്മാര്‍. 2007 ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന എണ്ണമാണിതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇത്തരത്തില്‍ കാനഡയിലെത്തിയവര്‍ ഏറെ ആസ്വദിച്ചത് പൗട്ടിന്‍ ഡിഷും പിന്നെ നോര്‍ത്തേണ്‍ലൈറ്റ്‌സ്, ധ്രുവക്കരടി എന്നിവയുടെ കാഴ്ചകളുമാണ്. യു.എസ് -കാനഡ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കാനഡ സന്ദര്‍ശിച്ചവരില്‍ ഏറെപേരും. അധികം ബുദ്ധിമുട്ടാതെ കാറെടുത്ത് ഒരു ഡ്രൈവ് മതി എന്ന കാരണമാണ് ഇവരെ സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചത്.

യു.എസില്‍ നിന്നുള്ള നേരിട്ടുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. ടൊറന്റോ,മോണ്ട്രിയോള്‍,വാന്‍കൂവര്‍ എന്നീ വലിയ നഗരങ്ങള്‍ക്ക് പുറമെ വിന്നിപെഗ്,മനിട്ടോബ എന്നിവിടങ്ങളിലേക്കും ഡെന്‍വര്‍ പോലുള്ള നഗരങ്ങളില്‍  നിന്നും നേരിട്ട് വിമാന സര്‍വീസുണ്ട്. യു.എസില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയിലേയ്ക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുന്നു എന്ന് ഇവിടെ നിന്നുള്ള ഒരു ട്രാവല്‍ ഏജന്റ് സാക്ഷ്യപ്പെടുത്തുന്നു.

ഡോളര്‍ കരുത്തുനേടിയതും യു.എസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി. അതേസമയം ഇതേകാരണം കൊണ്ടുതന്നെ കാനഡയില്‍ നിന്നും യു.എസിലെത്തുന്നവരുടെ എണ്ണം 28 ശതമാനം കുറയുകയും ചെയ്തു. കനേഡിയന്‍ ഡോളറിന്റെ വിലയിടിഞ്ഞതോടെ യു.എസ് യാത്ര ചെലവേറിയതാണ് കനേഡിയന്‍പൗരന്മാരെ യുഎസ് യാത്രയില്‍ നിന്നും അകറ്റിയത്.

വിദൂര കനേഡിയന്‍ ഗ്രാമഭംഗി,സുന്ദരമായ നഗരപ്രാന്തങ്ങള്‍,ഭക്ഷണം, ഉഗ്രന്‍ വൈന്‍,സ്‌ക്കൈയിംഗ്, ലോകോത്തരനിലവാരമുള്ള കയാക്കിംഗ് എന്നിവയെല്ലാം യു.എസ് പൗരന്മാരെ കാനഡയിലേയ്ക്കാകര്‍ഷിക്കുന്ന മറ്റു ഘടകങ്ങളാണ്.

Other News