വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ രക്ഷിക്കാന്‍ കപ്പലുകളുടെ വേഗത കുറച്ച നടപടി കാനഡ പിന്‍വലിച്ചു


AUGUST 3, 2019, 4:02 PM IST

ടൊറന്റോ: വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ രക്ഷിക്കാന്‍ സെന്റ്.ലോറന്‍സ് പാതയിലൂടെ നീങ്ങുന്ന കപ്പലുകള്‍ വേഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കനേഡിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതേ പ്രദേശത്ത് ട്രാന്‍സ്‌പോര്‍ട്ട് കാനഡ നടത്തിയ പര്യവേക്ഷണത്തില്‍  നോര്‍ത്ത് അമേരിക്കന്‍ റൈറ്റ് തിമിംഗലങ്ങളെന്നറിയപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടി.

വംശനാശ ഭീഷണി നേരിടുന്ന റൈറ്റ് തിമിംഗലങ്ങള്‍ ധാരാളമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജൂണ്‍ 29നാണ് ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ വേഗത കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് വലിയ തോതില്‍ ട്രാഫിക്ക് നടക്കുന്ന ഇവിടം  കപ്പലുകളാല്‍ നിറഞ്ഞിരുന്നു. കമ്പനികള്‍ക്കും സര്‍ക്കാറിനും വലിയ തുകയുടെ നഷ്ടമുണ്ടാക്കാനും തീരുമാനം ഇടയാക്കി. അതേസമയം തിമിംഗലങ്ങളുടെ രക്ഷയെ കരുതി തീരുമാനം പിന്‍വലിക്കാതെ സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയായിരുന്നു. എന്നാല്‍ കപ്പലുകള്‍ വേഗം കുറച്ചിട്ടും കൊല്ലപ്പെടുന്ന തിമിംഗലങ്ങളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞതുമില്ല. ജൂലൈയില്‍ 8 തിമിംഗലങ്ങളുടെ ശവശരീരങ്ങളാണ് ഈ മേഖലയില്‍ നിന്നുംകണ്ടെത്തിയത്.

തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

എന്നാല്‍ ഇനി ഈ വിഭാഗത്തില്‍ പെട്ട തിമിംഗലങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്താനായി മറ്റൊരു പര്യവേക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Other News