ടോറന്റോയും പീലും ലോക്ക്ഡൗണിലേക്ക്


NOVEMBER 21, 2020, 5:01 AM IST

ടോറന്റോ: വ്യക്തിഗത ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ച് ഒന്റാരിയോ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങളിലേക്ക് അധികൃതര്‍ നീങ്ങുന്നത്. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ഹാര്‍ഡ്‌വെയര്‍ സ്റ്റോറുകള്‍, മദ്യവില്‍പ്പന ശാലകള്‍ തുടങ്ങിയവ അന്‍പത് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. ടോറന്റോയിലേയും പീലിലേയും ഹോട്ട്‌സ്‌പോട്ടുകളിലാണ് നിയന്ത്രണമുണ്ടാവുക. ജിമ്മുകള്‍, വ്യക്തിഗത പരിചരണ സേവനങ്ങള്‍, ഹെയര്‍ സലൂണുകള്‍ തുടങ്ങിയവ അടച്ചിടണം. 

ടോറന്റോയും പീലും കര്‍ശനമായ വ്യക്തിഗത നിയന്ത്രണങ്ങളുടെ ഘട്ടത്തിലേക്ക് തിങ്കളാഴ്ച മുതല്‍ പ്രവേശിക്കുമെന്ന് പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ് അറിയിച്ചു. സ്‌കൂളുകളും ഡേ കെയറുകളും തുറക്കുമെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെര്‍ച്വല്‍ ക്ലാസുകളിലായിരിക്കും നടക്കുക. 

ചില പ്രദേശങ്ങളില്‍ രോഗവ്യാപനം ശക്തമായതിനാല്‍ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളും ആശുപത്രികളും റിട്ടയര്‍മെന്റ് ഹോമുകളും  ഉള്‍പ്പെടെ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ കടുത്തതെങ്കിലും അത്യാവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 

മാളുകള്‍ ഉള്‍പ്പെടെയുള്ള റീട്ടയില്‍ സ്റ്റോറുകള്‍ തിങ്കളാഴ്ച മുതല്‍ ഡെലിവറിയിലേക്കുപോകും. വീടുകളില്‍ ഒത്തുചേരുന്നത് ഏറ്റവും അടുത്തവര്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക. പുറത്തുള്ള പരിപാടികളില്‍ പത്തുപേര്‍ക്ക് പങ്കെടുക്കാം. മതപരമായ ചടങ്ങളുകളും വിവാഹങ്ങളും ശവസംസ്‌ക്കാര ചടങ്ങുകളുമെല്ലാം പത്തുപേരായി നിജപ്പെടുത്തിയിട്ടുണ്ട്.

ദര്‍ഹാം, വാട്ടര്‍ലൂ, ഹാമില്‍ട്ടണ്‍, ഹാല്‍ട്ടണം, യോര്‍ക്ക് മേഖലകളെല്ലാം ചുവപ്പ് സോണിലാകും. സര്‍ക്കാരിന്റെ കളര്‍ കോഡിലെ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളുള്ള പ്രദേശമായിരിക്കുമിത്.ചുവപ്പ് പ്രദേശങ്ങളില്‍ വീടുകളില്‍ അഞ്ചു പേര്‍ക്കും പുറത്ത് 25 പേര്‍ക്കുമാണ് അനുമതി. 

അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ ബിസിനസുകള്‍ക്കുള്ള സഹായധനം ഒന്റാരിയോ 300 മില്യനില്‍ നിന്നും 600 മില്യനായി ഉയര്‍ത്തുമെന്നും ഫോര്‍ഡ് അറിയിച്ചു. ഒന്റാരിയോയില്‍ വെള്ളിയാഴ്ച മാത്രം 1418 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പീലില്‍ 400, ടോറന്റോയില്‍ 393, യോര്‍ക്ക് മേഖലയില്‍ 168 കേസുകളാണുണ്ടായത്. എട്ടുപേരാണ് മരിച്ചത്. 

കാനഡയുടെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നിലവില്‍ 6.5 ശതമാനത്തിലധികമാണ്. ഇത് ലോകാരോഗ്യ സംഘടന ശിപാര്‍ശ ചെയ്യുന്ന അഞ്ച് ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ചില പ്രവിശ്യകളില്‍ പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുണ്ട്. 

ഫെഡറല്‍ സര്‍ക്കാര്‍ പ്രതിദിനം രണ്ടു ലക്ഷം പരിശോധനകളാണ് ലക്ഷ്യമിടുന്നതെങ്കിലും നിലവില്‍ അതിനേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് പ്രവിശ്യകളുള്ളത്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്നുള്ള ഈ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം 54000 മുതല്‍ 59000 വരെയാണ് പരിശോധനകള്‍ നടക്കുന്നത്.

Other News