ടൊറന്റോ : രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് ലിയോയുടെ സ്ഥാനാരോഹണം മാര്‍ച്ച് 25 ന് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സിന് പകരം ഫ്രാന്‍സിസ് ലിയോയെ ടൊറന്റോയിലെ 14-ാമത് ആര്‍ച്ച് ബിഷപ്പായി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കുര്‍ബാന അര്‍പ്പിക്കും.
ടൊറന്റോ മുതല്‍ ജോര്‍ജിയന്‍ ബേ വരെയും ഒഷാവ മുതല്‍ മിസ്സിസാഗ വരെയും ഏകദേശം രണ്ട് ദശലക്ഷം കത്തോലിക്കരും ഏകദേശം 400 വൈദികരും ഒപ്പം 225 ഇടവകകളും അടങ്ങുന്നതാണ് ടൊറോന്റോ അതിരൂപത.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന ലിയോ 1996 ഡിസംബര്‍ 14-ന് വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് 2012 ജനുവരിയില്‍ മോണ്‍സിഞ്ഞോറായി നിയമിതനായി. മോണ്‍ട്രിയല്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 2022 ജൂലൈയില്‍ മോണ്‍ട്രിയല്‍ അതിരൂപതയുടെ സഹായ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ലിയോയെ നിയമിച്ചു.
കോളിന്‍സ് ടൊറന്റോ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ബിഷപ്പിനെ നിയമിക്കുന്നത്. തന്റെ 75-ാം ജന്മദിനമായ ജനുവരി 16-ന് അദ്ദേഹം പടിയിറങ്ങി. 75 വയസ്സ് തികയുമ്പോള്‍ ബിഷപ്പുമാര്‍ രാജി സമര്‍പ്പിക്കാറുണ്ട്.