ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ട്രൂഡോ


SEPTEMBER 19, 2023, 10:32 PM IST

ടൊറന്റോ: ഇന്ത്യയെ പ്രകോപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖലിസ്ഥാന്‍വാദിയുടെ കൊലപാതകത്തെ ഇന്ത്യ ഗൗരവത്തിലെടുക്കണമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ വിഘടനവാദിയുടെ കൊലയുമായി ബന്ധപ്പെട്ട അഭിപ്രായ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയും കാനഡയും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. 

പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കി സുതാര്യമായ രീതിയില്‍ ഇന്ത്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 18ന്  ബ്രിട്ടിഷ് കൊളംബിയയിലാണ് 45കാരനായ നിജ്ജാറിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. 2016ല്‍ ഇന്റര്‍പോളും നിജ്ജാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും യു കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് വ്യക്തമാക്കി. 

സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്. എന്നാല്‍ ആരോപണം നിരാകരിച്ച ഇന്ത്യ ഇതിനു മറുപടിയായി തുല്യ റാങ്കിലുള്ള കനേഡിയന്‍ നയതന്ത്ര പ്രതിനിധിയോടും രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. 

'ഗുരുതരമായ ആരോപണങ്ങള്‍' സംബന്ധിച്ച് കനേഡിയന്‍ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍, അത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നുമാണ് ഋഷി സുനകിന്റെ വക്താവ് പറയുന്നത്. വ്യാപാര കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടരുന്നതു പോലെ തന്നെ മുന്നോട്ടു പോകുമെന്നും കനേഡിയന്‍ അധികൃതര്‍ അവരുടെ ജോലി ചെയ്യുമെന്നും അതില്‍ തങ്ങള്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാര കരാറുള്ള രാജ്യങ്ങളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടായാല്‍ ആ രാജ്യത്തെ നേരിട്ട് അക്കാര്യം അറിയിക്കുന്നതാണ് ബ്രിട്ടന്റെ രീതി. നിലവില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News