പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം സംസാരിച്ചുവെന്ന് ട്രൂഡോ
ട്രൂഡോയുടെ വെളിപ്പെടുത്തൽ കനേഡിയൻ പാർലമെന്റിൽ
ഉയർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി
സംഗമം ന്യൂസ് ബ്യൂറോ
--
ഓട്ടാവ: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച് ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു.
ഇക്കാര്യം ജി 20 സമ്മേളനത്തിനിടയിൽ താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ച ചെയ്തുവെന്നും കനേഡിയൻ സർക്കാർ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്നും കനേഡിയൻ പാര്ലമെന്റിൽ ട്രൂഡോ വെളിപ്പെടുത്തി. കനേഡിയൻ മണ്ണിൽ വച്ച് രാജ്യത്തെ ഒരു പൗരനെ കൊലപ്പെടുത്തിയത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് താൻ പ്രധാനമന്ത്രി മോഡിയെ അറിയിച്ചുവെന്ന് ട്രൂഡോ പറഞ്ഞു.
"ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സത്യമാണെങ്കിൽ അത് രാജ്യത്തിൻറെ പരമാധികാരത്തിനെതിരെയുള്ള ആക്രമണമാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ നിർണയിക്കുന്ന അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്," ട്രൂഡോ പറഞ്ഞു. കഴിഞ്ഞ നിരവധി ആഴ്ചകളായി കനേഡിയൻ കുറ്റാന്വേഷകർ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന വിശ്വസനീയമായ ആരോപണം ഏറെ ഗൗരവത്തോടെ അന്വേഷിച്ച് വരുകയായിരുന്നു," ട്രൂഡോ കൂട്ടിച്ചേർത്തു.
"കഴിഞ്ഞയാഴ്ച്ചത്തെ ജി 20 സമ്മേളനവേളയിൽ ഞാൻ ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അവതരിപ്പിച്ചിരുന്നു. കനേഡിയൻ മണ്ണിൽ വച്ച് ഒരു കനേഡിയൻ പൗരൻ മറ്റൊരു രാജ്യത്തിൻറെ പങ്കാളിത്തത്തോടെ കൊലചെയ്യപ്പെടുക എന്നത് നമ്മുടെ പരമാധികാരത്തിൻറെ ലംഘനമാണ്, അത് തീർത്തും അസ്വീകാര്യമാണ്," പ്രധാനമന്ത്രി ട്രൂഡോ വ്യക്തമാക്കി.
കാനഡയിലെ ഇൻഡോ-കനേഡിയൻ പൗരസമൂഹത്തിൽ ഈ സംഭവത്തെ തുടർന്ന് ഏറെ ആശങ്കകൾ ഉണ്ടായിട്ടുണ്ടെന്നും അവരോട് സമാധാനം പാലിക്കാൻ താൻ അഭ്യര്ഥിക്കുകയാണെന്ന് പറഞ്ഞ ട്രൂഡോ താൻ ഇക്കാര്യം യുഎസ് പ്രസിഡൻറ് ജോ ബൈഡനുമായും ചർച്ച ചെയ്തിരുന്നുവെന്നും പറഞ്ഞു.
ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ കാനഡയിലെ ഇന്ത്യൻ എംബസിയിൽ രഹസ്യാന്വേഷണ വിഭാഗം തലവനെ തങ്ങൾ പുറത്താക്കിയെന്ന് കനേഡിയൻ വിദേശമന്ത്രി മെലാനി ജോളി പാർലമെന്റിനെ അറിയിച്ചു. കനേഡിയൻ സുരക്ഷാ ഉപദേഷ്ടാവും ഇൻറലിജൻസ് മേധാവിയും ഇന്ത്യയിലെത്തി തങ്ങളുടെ സമാനസ്ഥാനങ്ങൾ വഹിക്കുന്ന ഇന്ത്യൻ അധികൃതരുമായി ഇക്കാര്യം നേരിട്ട് ചർച്ച ചെയ്തുവെന്ന് പൊതുസുരക്ഷാ മന്ത്രി ഡൊമിനിക്ക് ലെ ബ്ലാങ്ക് അറിയിച്ചു.
ഈ ആരോപണം സത്യമാണെങ്കിൽ അത് കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിയർ പോളിയെവ് പറഞ്ഞു.