കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ട്രൂഡോ


OCTOBER 25, 2020, 7:54 AM IST

ടോറന്റോ: ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യത്തിലോ കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ നിര്‍മിക്കുന്ന വാക്‌സിന്‍ ഗവേഷണത്തിന് 214 മില്യന്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം തന്നെ വാക്‌സിനുകള്‍ ലഭ്യമാകുമെന്നാണ് നമ്മള്‍ പ്രതീക്ഷ വെക്കുന്നതെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നു ചൂണ്ടിക്കാട്ടി ട്രൂഡോ നിരവധി മാസങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാത്രമാണ് അവ ലഭ്യമാക്കാനാവുകയുള്ളുവെന്ന് പറഞ്ഞു. എങ്കിലും മാന്യമായ പ്രതീക്ഷ പുതുവസത്സരത്തില്‍ വാക്‌സിന്‍ പുറത്തുവരുമെന്നുള്ളതാണെന്നും എന്നാല്‍ പോലും ചെറിയ ശതമാനം മാത്രമേ അതുണ്ടാവുകയുള്ളുവെന്നും ജനങ്ങള്‍ക്ക് മുഴുവന്‍ നല്കാനുള്ളത്രയുമുണ്ടാകില്ലെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി. 

വാക്‌സിന്‍ തയ്യാറാകുന്നതോടെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ ചിലര്‍ക്കും കോവിഡിനെതിരെ മുന്നണിയിലുള്ളവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തിലെ പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. ഈ രംഗത്തെ വിദഗ്ധര്‍ വാക്‌സിന്‍ വിതരണം ചെയ്യേണ്ടതിനെ കുറിച്ച് കൃത്യമായി വിലയിരുത്തുന്നുണ്ട്. പ്രവിശ്യകളും അതിര്‍ത്തി ഭാഗങ്ങളുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ശരിയായ രീതിയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ക്യൂബെക്ക് സിറ്റിയിലെ ക്യൂബെക്ക് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെഡികാഗോയുടെ നിര്‍മാണ വിപുലീകരണത്തിന് 173 മില്യന്‍ ഡോളര്‍ ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം ലഭിച്ചാല്‍ ഓട്ടവയ്ക്ക് 76 മില്യന്‍ ഡോസ് വാക്‌സിന്‍ നല്കുമെന്ന കരാറും കമ്പനിയും സര്‍ക്കാരുമായുണ്ട്. 

കനേഡിയന്‍മാര്‍ക്ക് സുരക്ഷിതമായ വാക്‌സിന്‍ ലഭ്യമാകാന്‍ മാത്രമല്ല മികച്ച ഗവേഷണ ജോലികള്‍ക്കു കൂടിയുള്ള പിന്തുണയാണ് തങ്ങള്‍ നല്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

വാക്‌സിന്‍ ഗവേഷണത്തിനും പരീക്ഷണത്തിനുമായി വാന്‍കൂവര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസിഷ്യന്‍ നാനോ സിസ്റ്റംസിന് 18.2 മില്യന്‍ ഡോളര്‍ നല്കിയതായും പ്രധാനമന്ത്രി അറിയിച്ചു. ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി 23 മില്യന്‍ ഡോളര്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

വാക്‌സിന്‍ തയ്യാറാകുന്നതോടെ അവ കാനഡയില്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ വിവിധ വാക്‌സിന്‍ ഗവേഷണ കമ്പനികളുമായി കാനഡ കരാറുകളൊപ്പിട്ടതായും പ്രധാനമന്ത്രി അറിയിച്ചു. വാക്‌സിനുകള്‍ കാനഡയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത കമ്പനികള്‍ക്ക് അവ വിതരണം നിര്‍വഹിക്കാന്‍ സാധിക്കും. ആസ്ട്ര സെനേക്ക, സനോഫി, ഗ്ലാക്‌സോ സ്മിത്ത് ക്ലൈന്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, നോവാവാക്‌സ്, ഫൈസര്‍, മോഡേണ തുടങ്ങിയ കമ്പനികളെല്ലാം കാനഡയുമായി കരാറിലെത്തിയിട്ടുണ്ട്. 

വാക്‌സിന്‍ കമ്പനികളുടെ പരീക്ഷണങ്ങള്‍ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരമായി തരണം ചെയ്യുകയും ഉപയോഗത്തിന് അംഗീകാരം നേടുകയും ചെയ്താല്‍ മരുന്നു കമ്പനികള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ മുഴുവന്‍ തുകയും കൈമാറുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ഈ വര്‍ഷം അവസാനത്തോടെ കോവിഡിന് മരുന്നു കണ്ടെത്താനാകുമെന്നാണ് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗബ്രിയേസസ് ഈ മാസത്തിന്റെ തുടക്കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

Other News