കാനഡയിൽ  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഒക്ടോബോര്‍ 21നു പൊതുതെരഞ്ഞെടുപ്പ് 


SEPTEMBER 12, 2019, 12:35 AM IST

ഓട്ടവ:കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.തൊട്ടുപിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിടുകയും ചെയ്‌തു.ഒക്ടോബോര്‍ 21-നാണ് കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുക.ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർഥിച്ചത്.

പ്രതിപക്ഷ  കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണ് ഇത്തവണ ട്രൂഡോയുടെ ലിബറൽ പാർട്ടി നേരിടുന്നത്.338 അംഗ പാർലമെന്റിൽ നിലവിൽ ഭരണപക്ഷ ലിബറൽ പാർട്ടിക്ക് 177ഉം കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170  സീറ്റുകൾ ലഭിക്കുന്ന പാർട്ടിക്ക് ഭരണത്തിലേറാം. 

ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയില്‍ അധികാരത്തില്‍ ഏറിയത്. സ്ത്രീ- പുരുഷ സമത്വം,പരിസ്ഥിതി സംരക്ഷണം  തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നൽ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌താണ്‌ അദ്ദേഹം ഭരണത്തിലെത്തിയത്.എന്നാൽ ഇത്തവണ ട്രൂഡോയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് വിലയിരുത്തലുകൾ.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.

വീണ്ടും അധികാരത്തിലേറാനുള്ള സീറ്റുകള്‍ ട്രൂഡോയ്ക്ക് ലഭിക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെയും സര്‍ക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.കേസ് കൈകാര്യം ചെയ്യുന്നതില്‍ അതൃപ്തിയുണ്ടെന്നാരോപിച്ച്‌ കാനഡയിലെ മുതിര്‍ന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 

ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും ലിബറൽ സർക്കാരിനു കീഴിൽ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നും പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നിൽ കൂടുതൽ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രം  ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

Other News