ജറൂസലേമില്‍ ഇരട്ട സ്‌ഫോടനം: കാനഡക്കാരി കൊല്ലപ്പെട്ടു: 18 പേര്‍ക്ക് പരിക്ക്


NOVEMBER 24, 2022, 2:26 AM IST

ജറൂസലം:  ജറുസലേം സ്ഫോടനത്തില്‍ കനേഡിയന്‍ കൗമാരക്കാരി കൊല്ലപ്പെട്ടു. ജൂത സെമിനാരിയിലേക്ക് പോകുകയായിരുന്ന കനേഡിയന്‍-ഇസ്രായേല്‍ കൗമാരക്കാരിയായ ആര്യേ ഷെച്ചോപെക് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലിലെ കാനഡ അംബാസഡര്‍ ലിസ സ്റ്റാഡല്‍ബൗവര്‍ വ്യക്തമാക്കി. ബുധനാഴ്ച ജറുസലേമില്‍ നടന്ന ഒരു ഭീകര ആക്രമണത്തെ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അപലപിച്ചു,

 18 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റൊരു സ്‌ഫോടനത്തില്‍ പാലസ്തീനി കൗമാരക്കാരന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും രണ്ടിടത്ത് സ്ഫോടനം ഉണ്ടായത്. ഇതിനു പകരം വീട്ടാന്‍ പാലസ്തീനികളാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പൊലീസ് പറഞ്ഞത്.

നഗരത്തിലെ തിരക്കേറിയ രണ്ട് സ്ഥലങ്ങളില്‍ ആളുകള്‍ ജോലിക്ക് പോകുന്നതിനിടെയാണ് സ്‌ഫോടനം. അരമണിക്കൂര്‍ ഇടവേളയിലാണ് വ്യത്യസ്ത സ്ഥലങ്ങളില്‍ പൊട്ടിത്തെറിയുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച സൈക്കിളിലായിരുന്നു സ്ഫോടക വസ്തു ഘടിപ്പിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച രാവിലെ ഏഴോടെ ജറുസലേമിന്റെ പ്രധാന കവാടത്തിനടുത്തുള്ള ഗിവാട്ട് ഷൗളിലായിരുന്നു ആദ്യ സ്ഫോടനം. സ്‌ഫോടനത്തില്‍ കനേഡിയന്‍ കൗമാരക്കാരിക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. 30 മിനിറ്റിനുശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടാകുന്നത്.

നഗരത്തിലേക്കുള്ള മറ്റൊരു കവാടമായ റാമോട്ട് ജംഗ്ഷനിലുണ്ടായ രണ്ടാം സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ യുവാക്കള്‍ പ്ലെക്കാര്‍ഡുകളുമായി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മാരകമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബുകള്‍ നിര്‍മ്മിച്ചതെന്ന് ഇസ്രായേലി പോലീസിന്റെ ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഡെപ്യൂട്ടി കമ്മീഷണര്‍ സിഗല്‍ ബാര്‍ സ്വി വെളിപ്പെടുത്തി. ആക്രമണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഒരു സംഘടിത ഗൂഢാലോചന ഇതിന് പിന്നിലുണ്ടായതായി സംശയിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, പാലസ്തീന്‍ തീവ്രവാദ സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും സ്ഫോടനങ്ങളെ ന്യായീകരിക്കുകയും കുറ്റവാളികളെ പ്രശംസിക്കുകയും ചെയ്തു. സമീപ വര്‍ഷങ്ങളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ആക്രമണമാണ് ഇതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഭീകരവാദത്തിനെതിരെ അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

കനേഡിയന്‍ കൗമാരക്കാന്റെ മരണത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവരില്‍ 18 കാരനായ അമേരിക്കന്‍ വംശജനുമുണ്ട്. ഈ വര്‍ഷം ഇസ്രായേലികളെ ലക്ഷ്യമിട്ട് ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസില്‍ ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച രാത്രി തെരച്ചിലും അറസ്റ്റും നടത്തിയിരുന്നു. തീവ്രവാദികളായ തോക്കുധാരികളും സാധാരണക്കാരും ഉള്‍പ്പെടെ 130 ലധികം പാലസ്തീനികളെ ഓപ്പറേഷനില്‍ കൊല്ലപ്പെടുത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ അഹ്മദ് അംജദ് ഷെഹാദ എന്ന 16 വയസുകാരന്‍ മരിക്കാനിടയായതാണ് ഇപ്പോഴുണ്ടായ സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതേ തുടര്‍ന്ന് ജെനിനി നഗരത്തില്‍ വാഹനാപകടത്തില്‍ മരിച്ച 17 വയസുള്ള ഇസ്രായേലി ഡ്രൂസ് ബാലന്റെ മൃതദേഹം പാലസ്തീന്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.

Other News