മൂന്നുപേരുടെ മരണത്തിനുത്തരവാദികളായ കൗമാരക്കാരെ വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി


AUGUST 13, 2019, 6:13 PM IST

മനിട്ടോബ: മൂന്നുപേരുടെ മരണത്തിനുത്തരവാദികളെന്ന് കരുതപ്പെടുന്ന കൗമാരക്കാരുടെ മൃതദേഹങ്ങള്‍ വടക്കന്‍ മനിട്ടോബയിലെ ഉള്‍പ്രദേശത്തുനിന്നും കണ്ടെത്തി. 64 കാരനായ സസ്യശാസ്ത്രജ്ഞന്‍ ലിയോനാര്‍ഡ് ഡിക്ക്, ഓസ്‌ട്രേലിയന്‍ ദമ്പതികളായ ലൂക്കാസ് ഫോവഌ,ചിന്ന ഡീസ് എന്നിവരുടെ മരണത്തിനുത്തരവാദികളെന്ന് കരുതപ്പെടുന്ന കാം മക് ലോയ്ഡിനേയും ബ്രെയര്‍ ഷംഗല്‍ക്കിയേയുമാണ് സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പഴകിയതിനാല്‍ എന്നാണ് ഇവര്‍ ആത്മഹത്യചെയ്തതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായില്ല. അതേസമയം കാടുകയറിയ ഇവര്‍ കുറച്ചുദിവസം ജീവിച്ചിരുന്നിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇതോടെ കനേഡിയന്‍ പോലീസ്  പ്രതികള്‍ക്കായി നടത്തിയ ഒരുമാസം നീണ്ട തിരച്ചിലിന് അന്ത്യമായി.

മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം വനത്തിന്റെ നിഗൂഢതയിലേയ്ക്ക് മറഞ്ഞ കൗമാരക്കാരെ കണ്ടെത്താനാകാതെ ഉഴറുകയായിരുന്നു യഥാര്‍ത്ഥത്തില്‍  റോയല്‍ കനേഡിയന്‍ മൗണ്ടട് പോലീസ്. അവസാനം  ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറന്‍ കാടുകളിലാണ് പോലീസ് സംഘം തമ്പടിച്ചിരുന്നത്. ''പാത അവസാനിക്കുകയും വനം തുടങ്ങുകയും ചെയ്യുന്ന ഇവിടം കുറ്റിക്കാടുകളാലും ചതുപ്പുനിലങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.കൂടാതെ മറഞ്ഞിരിക്കാന്‍ പാകത്തില്‍ വലിയ മരങ്ങളും.ഒളിച്ചിരിക്കാന്‍ പറ്റിയതും അതിജീവിക്കാന്‍ വൈഷമ്യമേറിയതുമായ ഇടം.'' എന്നാണ് പ്രദേശത്തെ പോലീസുകാര്‍ വിശേഷിപ്പിച്ചത്.നിഗൂഢമായ സ്ഥലമായതിനാല്‍ തെരച്ചിലിനായി ഹെലികോപ്റ്ററുകളും വാഹനങ്ങളും വിന്യസിച്ചിരുന്നു. ഒടുവില്‍ ഇവിടെനിന്നു തന്നെ പ്രതികളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

ഹൈസ്‌ക്കൂള്‍ ഗ്രാജ്വേറ്റ്‌സുകളായ പ്രതികള്‍ ജോലി അന്വേഷിക്കാനാണെന്ന കാരണം പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ഇതില്‍ ബ്രെയര്‍ ഷംഗല്‍ക്കി കടുത്ത മാനസിക പിരിമുറുക്കമുള്ളതും  നാസി ചിഹ്നമായ സ്വസ്തിക എപ്പോഴും കൂടെ കരതുന്നയാളുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍  മകന്‍ ഹിറ്റ്‌ലറിന്റെ ആരാധകനും നിയോനാസിയുമാണെന്ന റിപ്പോര്‍ട്ടുകളെ ഷംഗല്‍ക്കിയുടെ പിതാവ് തള്ളിക്കളഞ്ഞിരുന്നു. കാം മക് ലോയ്ഡിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല. ഇരുവരും ഹൈസ്‌ക്കൂള്‍ കാലം തൊട്ട് അടുത്ത സൂഹൃത്തുക്കളാണ്.

രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകള്‍ അഗ്‌നിയ്ക്കിരയാക്കിയ ശേഷമാണ് ഇവര്‍ വനത്തിലേയ്ക്ക്് കടന്നത്. അതേസമയം കൊല്ലപ്പെട്ടവരുമായി നേരത്തെ ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.

Other News