അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ അപ്പോയ്ന്‍മെന്റ് ചൊവ്വാഴ്ച മുതല്‍


NOVEMBER 22, 2021, 11:20 PM IST

ഒന്റാരിയോ: അഞ്ചു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അപ്പോയ്ന്റ്‌മെന്റുകള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

രാവിലെ എട്ടു മുതലാണ് സ്‌പോട്ടുകള്‍ ലഭ്യമാകുക. കോവിഡ് വാക്‌സിനേഷന്‍ പോര്‍ട്ടല്‍, കോണ്‍ടാക്ട് സെന്റര്‍ എന്നിവ വഴി അപ്പോയ്ന്‍മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക പരിചര കേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ ലഭ്യമാകും. 

2016ല്‍ ജനിച്ച 2021 അവസാനത്തോടെ അഞ്ച് വയസ്സു തികയുന്ന ഒരു ദശലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ യോഗ്യത. 

വ്യാഴാഴ്ചയോടെ ഷോട്ടുകള്‍ ചെറിയ തോതില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഒന്റാരിയോയിലെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് ഇപ്പോള്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളിലാണ് കാണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‌കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ വിശദീകരിച്ചു. 

ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടികള്‍ക്കുള്ള ഫൈസറിന്റെ വാക്‌സിനുകളുടെ ആദ്യഡോസുകള്‍ കാനഡയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റും ഫൈസറും തമ്മില്‍ 2.9 ദശലക്ഷത്തിലധികം ഡോസുകളുടെ കരാറാണുള്ളത്. അത് ആഴ്ച അവസാനത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഹെല്‍ത്ത് കാനഡ അംഗീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഫൈസര്‍ വാക്‌സിന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 

ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഒന്റാരിയോയ്ക്ക് 1,076,000 ഡോസ് പീഡിയാട്രിക് ഫൈസര്‍ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് പ്രവിശ്യയിലുടനീളം പൊതുജനാരോഗ്യ യൂണിറ്റുകള്‍, ഫാര്‍മസികള്‍, പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് വിതരണം ചെയ്യുക. 

പ്രവിശ്യയുടെ കണക്കുകള്‍ പ്രകാരം നവംബര്‍ 19 വരെ 12നും 17നും ഇടയില്‍ പ്രായമുള്ള 85 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസും 80 ശതമാനത്തിലധികം പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചിട്ടുണ്ട്. 

ഒന്റാരിയോയില്‍ തിങ്കളാഴ്ച 627 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 341 കേസുകള്‍ പൂര്‍ണമായും വാക്‌സിനെടുക്കാത്തവര്‍ക്കും 286 എണ്ണം രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്കുമാണ് ബാധിച്ചത്.

Other News