യാത്രയ്ക്കുള്ള വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അടുത്ത രണ്ടുമാസത്തിനകം


OCTOBER 12, 2021, 10:19 PM IST

ഓട്ടവ: അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വാക്‌സിനേഷന്‍ തെളിവ് സംവിധാനമായ പാസ്‌പോര്‍ട്ട് കാനഡക്കാര്‍ക്ക് ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ അഫയേഴ്‌സ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ശരിയാകുമെന്നും സി ടിവിയുടെ അഭിമുഖത്തില്‍ ലെബ്ലാങ്ക് പറഞ്ഞു. 

അതിര്‍ത്തി കടന്നുള്ള യാത്ര സുഗമമാക്കുന്ന പാന്‍ കനേഡിയന്‍ സമീപനം വികസിപ്പിക്കുന്നതിന് പ്രവിശ്യകളുമായി സഹകരിക്കുമെന്ന് ആഗസ്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാക്കുന്നതിനൊപ്പം എല്ലാ രൂപത്തിലും രേഖ ലഭ്യമാക്കുമെന്നും അധികാരികള്‍ അറിയിച്ചു. 

നിരവധി പ്രവിശ്യകള്‍ സ്വന്തം പാസ്‌പോര്‍ട്ടുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ക്യൂബക്കിന് അതില്‍ ഒന്നാം സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നിര്‍ബന്ധിത വാക്‌സിനേഷന്‍ നയത്തെ കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം കാനഡയിലെ നാഷണല്‍ എയര്‍ലൈന്‍സ് കൗണ്‍സില്‍ ഈ നീക്കത്തെ പിന്തുണക്കുന്നതായി അറിയിച്ചു. എങ്കിലും ഒരേ നിലവാരത്തിലുള്ള വാക്‌സിനേഷന്‍ തെളിവ് ഹാജരാക്കുന്ന സംവിധാനം വേഗത്തില്‍ വികസിപ്പിക്കേണ്ടതുണ്ട്. 

യാത്രാ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സമയബന്ധിതമായിരിക്കണമെന്നത് പ്രധാനമാണ്. വാക്‌സിന്‍ നയങ്ങള്‍ നടപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധരാണെങ്കിലും ഫെഡറല്‍ ഗവണ്‍മെന്റ് വിമാന യാത്രയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പിന്റെ ഡിജിറ്റല്‍ തെളിവ് വേഗത്തില്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് എയര്‍ലൈന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

സമാനമായ അഭിപ്രായം തന്നെയാണ് ടൂറിസ്റ്റ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് കാനഡ പ്രസിഡന്റും സി ഇ ഒയുമായ ബെത്ത് പോട്ടര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തരവും അന്തര്‍ദേശീയവുമായ യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന കേന്ദ്രീകൃത സംവിധാനത്തിന് തങ്ങളുടെ സംഘടന വളരെക്കാലമായി ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എല്ലായിടത്തും സാധുതയുള്ളതാണ്. ഇത് ജൂലൈ മുതല്‍ നിലവിലുണ്ട്.

Other News