കാനഡയില്‍ റെയില്‍ ഉപരോധം തുടരുന്നു; 1000 ജീവനക്കാര്‍ക്ക് ലേ ഓഫ് നല്‍കി വിയ റെയില്‍


FEBRUARY 20, 2020, 1:03 AM IST

ടോറോന്റോ: കാനഡയില്‍ ഗോത്ര മേഖലയിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ്‌ലൈനിനെതിരെ റെയില്‍വേ ലൈന്‍ ഉപരോധിച്ചുള്ള പ്രതിഷേധം തുടരുന്നു. ഭൂരിഭാഗം സര്‍വീസുകളും മുടങ്ങിയതോടെ റെയില്‍ യാത്ര സേവനദാതാക്കളായ വിയ റെയില്‍ ആയിരം ജീവനക്കാരെ താല്‍ക്കാലികമായി പിരിച്ചുവിട്ടു. റെയില്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാലാണ് നടപടിയെന്നു അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞദിവസം കനേഡിയന്‍ റെയില്‍വേയും 450 ജീവനക്കാരെ താല്‍ക്കാലികമായി പിരിച്ചുവിട്ടിരുന്നു.

ഉപരോധം ശക്തമായതോടെ പലയിടത്തും സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. സര്‍വീസുകള്‍ കൂട്ടത്തോടെയാണ് റദ്ദാക്കുന്നത്. ചിലയിടങ്ങളില്‍ ഏതാനും സര്‍വീസുകള്‍ മാത്രമാണുള്ളത്. സഡ്ബറി-വൈറ്റ് റിവര്‍, ചര്‍ച്ചില്‍-ദി പാസ് സര്‍വീസുകള്‍ മാത്രമാണ് കുഴപ്പമില്ലാതെ പോകുന്നത്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. 42 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വിയ റെയിലിന്റെ സര്‍വീസുകള്‍ രാജ്യത്തെമ്പാടുമായി തടസപ്പെടുന്നതെന്നും വിയ റെയില്‍ പ്രസിഡന്റും സി.ഇ.ഒയുമായ സിന്തിയ ഗാര്‍ന്യൂ പ്രസ്താവനയില്‍ പറഞ്ഞു.

ഗോത്ര മേഖലയിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ്‌ലൈനിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. പലയിടത്തും റെയില്‍വേ ലൈനുകള്‍ ഉപരോധിച്ചിരിക്കുകയാണ്. ആളുകള്‍ കൂട്ടത്തോടെയാണ് ഉപരോധങ്ങളില്‍ പങ്കെടുക്കുന്നത്. ഇതോടെ രാജ്യത്തെ റെയില്‍വേ ഗതാഗതം താറുമാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ മാത്രമാണ് ട്രെയിന്‍ സര്‍വിസ് നടക്കുന്നത്.

Other News