പണപ്പെരുപ്പ നിയന്ത്രണം: പലിശ നയം വ്യക്തമാക്കി ബാങ്ക് ഓഫ് കാനഡ


JANUARY 28, 2023, 9:44 AM IST

ടൊറന്റോ: പണപ്പെരുപ്പ നിയന്ത്രണത്തിന്റെ ഭാഗമായി പലിശനിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബാങ്ക് ഓഫ് കാനഡ. പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇനിയും പലിശനിരക്ക് വര്‍ധിപ്പിക്കുമോ എന്ന കാര്യത്തില്‍ ബാങ്ക് ഓഫ് കാനഡ നയം വ്യക്തമാക്കിയത്. വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്നതിനാല്‍ ഇനി പലിശനിരക്ക് വര്‍ധനവ് ഉണ്ടായേക്കില്ലെന്നാണ് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കുന്നത്.

നിലവില്‍ 4.5 ശതമാനമാണ് ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക്. 2023ല്‍ ഇതാദ്യമായാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. 25 പോയിന്റായിരുന്നു ഇക്കുറിയും വര്‍ധിപ്പിച്ചത്. 2007നു ശേഷം ഇതാദ്യമായാണ് പലിശനിരക്ക് ഇത്രയും ഉയര്‍ത്തുന്നത്.

പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി അടുത്തിടെ എട്ട് തവണയാണ് ബാങ്ക് ഓഫ് കാനഡ വായ്പാ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം ജനജീവിതത്തെ ദുസ്സഹമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ കടുത്ത ഇടപെടലുകള്‍ ആരംഭിച്ചത്. പലിശനിരക്കുകള്‍ വര്‍ധിക്കുന്നതോടെ കടമെടുപ്പ് എളുപ്പമല്ലാതാകുകയും വാങ്ങല്‍ ശേഷിയെ പരിമിതപ്പെടുത്തമെന്നുമാണ് കണക്കുകൂട്ടല്‍. ഇതുവഴി പണപ്പെരുപ്പം പിടിച്ചുകെട്ടാനാണ് സര്‍ക്കാരിന്റെ പദ്ധതി. അതേസമയം, നിലവില്‍ നടത്തിയ നീക്കങ്ങളുടെ ഫലം കണ്ടതിനു ശേഷമേ പലിശനിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ബാങ്ക് ഓഫ് കാനഡ പരിഗണിക്കൂ എന്നാണ് വിവരം

Other News