കോവിഡ്കാലത്ത് പുതിയ അധ്യയന വര്‍ഷത്തിനൊരുങ്ങി കാനഡ


JULY 30, 2020, 3:08 AM IST

കോവിഡ് കാലത്ത് പുതിയൊരു അധ്യയന വര്‍ഷത്തിനായി തയ്യാറെടുക്കുകയാണ് കാനഡ. പതിവുകാഴ്ചകള്‍ക്കപ്പുറം പുതിയ അധ്യയന വര്‍ഷം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് തീര്‍ച്ച. കോവിഡും അതിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും പൊതുസമൂഹത്തില്‍ അത്രത്തോളം മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. സ്‌കൂളുകളും അധ്യാപകരും വിദ്യാര്‍ഥികളുമൊക്കെ അതനുസരിച്ച് മാറുകയാണ്. എങ്ങനെയാണ് പ്രവിശ്യകളിലെ ബാക് ടൂ സ്‌കൂള്‍ പ്രോഗ്രാമുകള്‍ എന്ന് പരിശോധിക്കാം.

ബ്രിട്ടിഷ് കൊളംബിയ

ശൈത്യകാലത്തുതന്നെ സ്‌കൂളുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറായിരിക്കണമെന്നാണ് ബ്രീട്ടീഷ് കൊളംബിയ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളോട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം പ്രവചനാതീതമായി തുടരുന്നതിനാല്‍ പഠനം തുടങ്ങുന്ന കാര്യത്തില്‍ ഒന്നില്‍ കൂടുതല്‍ പദ്ധതികള്‍ ആവശ്യമാണെന്ന തിരിച്ചറിവിലാണ് തയ്യാറെടുപ്പുകള്‍. 

ജൂലൈ പകുതിയോടെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാനാണ് ശ്രണം. പ്രാഥമിക, മിഡില്‍സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സ്‌കൂളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വമേധയാ, പാര്‍ട്ട് ടൈം പഠനത്തിനായി ജൂണില്‍ തന്നെ വിദ്യാര്‍ഥികള്‍ എത്തിയതിനാല്‍ പ്രാഥമിക പ്രാഥമിക സ്‌കൂള്‍ സംവിധാനം ഏറെ മുന്നിലാണ്. പാര്‍ട്ട് ടൈം നിര്‍ദേശങ്ങളോടെ ഘട്ടംഘട്ടമായി സ്‌കൂള്‍ പ്രവര്‍ത്തനം സാധ്യമായേക്കും. അതേസമയം, സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതി തയ്യാറായിവരുന്നതേയുള്ളൂ. ആളകലം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പഠനം ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഏതാനും ചില സ്‌കൂള്‍ ജില്ലകള്‍ നടപ്പാക്കിയിട്ടുണ്ട്. 

ആല്‍ബര്‍ട്ട

സെപ്റ്റംബറില്‍ പൂര്‍ണ സമയ ഷെഡ്യൂളില്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ആളകലം ഒഴിവാക്കാനും സമ്പര്‍ക്കം കുറയ്ക്കാനും വിദ്യാര്‍ഥികളുടെ ചെറു ഗ്രൂപ്പുകള്‍ തയ്യാറാക്കും. വിവിധ ക്ലാസുകളുടെയും ഉച്ചഭക്ഷണത്തിന്റെയും സമയം വ്യത്യാസപ്പെടുത്തും. അതേസമയം, ക്ലാസിന്റെ വലിപ്പം കുറയ്ക്കുകയില്ല. കുട്ടികള്‍ക്ക് സുരക്ഷിത ബോധമില്ലാത്തപക്ഷം മാതാപിതാക്കള്‍ അവരെ നിര്‍ബന്ധിച്ച് സ്‌കൂളിലേക്കു വിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നയം. അതേസമയം, കുട്ടികളുടെ വീട്ടിലിരുന്നുള്ള പഠനം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ അധ്യാപകരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കണം. 

സസ്‌കാഷെവന്‍

ശൈത്യകാലത്തുതന്നെ ക്ലാസ് മുറിയിലെ പഠനം ആരംഭിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ആസൂത്രണത്തിന്റെ സിംഹഭാഗവും സ്‌കൂള്‍ ഡിവിഷനുകളിലും സ്‌കൂള്‍ ബോര്‍ഡുകളിലും പരാജയപ്പെട്ടു. സ്‌കൂള്‍ ഡിവിഷനുകള്‍ വികസിപ്പിച്ച കരട് പദ്ധതികള്‍ അവലോകനം ചെയ്യുന്ന പ്രക്രിയയിലാണ് സസ്‌കാഷെവന്‍ വിദ്യാഭ്യാസ പ്രതികരണ ആസൂത്രണ സംഘം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ശാരീരികാകലം, സ്‌കൂള്‍ മുറികളുടെ സൗകര്യം, സംരക്ഷണ സ്‌ക്രീനുകള്‍, വാട്ടര്‍ ബോട്ടില്‍ ഫില്ലറുകള്‍, വായു ശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിങ്ങനെ കാര്യങ്ങള്‍ പരിഗണിച്ചാകും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 

മാനിറ്റോബ

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ എട്ടിന് ക്ലാസുകളില്‍ തിരികെയെത്തും. എന്നാല്‍ കോവിഡ് സാഹചര്യം അനുസരിച്ച് മൂന്ന് സാധ്യതകളും തയ്യാറാക്കിയിട്ടുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ ഇന്‍-ക്ലാസ് പഠനത്തിലേക്ക് മടങ്ങുക, അധിക പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിച്ച് ഇന്‍-ക്ലാസ് പഠനത്തിലേക്ക് മടങ്ങുക, സ്‌കൂള്‍ സൗകര്യങ്ങളുടെ പരിമിതമായ ഉപയോഗത്തോടെ വീട്ടിലിരുന്ന് വിദൂര പഠനം എന്നിവയാണ് മൂന്ന് സാധ്യതകള്‍. ഇക്കാര്യത്തില്‍ ആഗസ്റ്റ് ഒന്നിനകം അന്തിമ തീരുമാനമുണ്ടാകും. സ്റ്റഡി അറ്റ് ഹോം സാധ്യതകള്‍ കൂടുതലായി പിന്തുടര്‍ന്നേക്കാമെന്നും പറയപ്പെടുന്നു.  

ഒന്റാരിയോ

സെപ്റ്റംബറില്‍ സ്‌കൂള്‍ പുനരാരംഭിക്കുന്നതിനായി ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് പ്രവിശ്യ സര്‍ക്കാര്‍ അന്തിമരൂപം നല്‍കുന്നതിനൊപ്പം ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മൂന്ന് വ്യത്യസ്ത പദ്ധതികള്‍ തയ്യാറാക്കാന്‍ ഒന്റാറിയോ സ്‌കൂള്‍ ബോര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഓണ്‍ലൈന്‍ പഠനം മാത്രമാണ് ഉള്‍പ്പെടുന്നത്. ആഗസ്റ്റ് നാലിനകം സ്‌കൂള്‍ ബോര്‍ഡുകള്‍ ക്രമീകരണങ്ങള്‍ അറിയിക്കും. 

ഒന്റാറിയോയിലെ സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് ആഗസ്ത് 4 വരെ സമയമുണ്ട്. ഇരിപ്പിട ക്രമീകരണം, മാസ്‌ക് ധരിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പ്രവിശ്യയിലുടനീളം നടപ്പാക്കേണ്ട ''സ്ഥിരമായ മാനദണ്ഡങ്ങള്‍'' ഉള്‍പ്പെടെ ഈ ആഴ്ച ക്ലാസ് പുനരാരംഭിക്കുന്നതിന് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് .

ക്യുബെക്ക്

സെപ്റ്റംബറില്‍ മുഴുവന്‍ സമയ ക്ലാസുകള്‍ പുനരാരംഭിക്കാനിരിക്കെ,  ഒന്‍പതാം ഗ്രേഡ് വരെയുള്ള ക്ലാസുകളില്‍ ആറ് വിദ്യാര്‍ത്ഥികളുള്ള ബബിള്‍ ഗ്രൂപ്പുകള്‍ തയ്യാറാക്കി ആളകലം ഉറപ്പാക്കും. അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും രണ്ട് മീറ്റര്‍ അകലവും ഉറപ്പാക്കും. കുട്ടികള്‍ ഒരോ ക്ലാസ് മുറിയില്‍ തന്നെ തുടരും. അധ്യാപകര്‍ മാറിമാറി വരും. 10, 11 ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം ബബിള്‍ രൂപീകരിക്കുകയും മുഴുവന്‍ സമയ ക്ലാസിലോ മറ്റേതെങ്കിലും ടൈം ഷെഡ്യൂളിലോ പങ്കെടുക്കാം. 

ന്യൂ ബ്രണ്‍സ്വിക്ക്

മുഴുവന്‍ സമയ പഠനം നിര്‍ബന്ധമായിരിക്കും, പക്ഷേ വിദ്യാര്‍ഥിയുടെ ഗ്രേഡ് അനുസരിച്ച് വ്യത്യാസങ്ങളുണ്ടാകും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ 15 വരെ ഗ്രൂപ്പുകളായി മുഴുവന്‍ സമയ സ്‌കൂളില്‍ ചേരും. ആ ഗ്രൂപ്പുകള്‍ ക്ലാസ്സില്‍ പങ്കെടുക്കുകയും ഒരുമിച്ച് സ്‌കൂളില്‍ പ്രവേശിക്കുകയും മറ്റ് ഗ്രൂപ്പുകളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യും.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് വലുപ്പം കുറച്ചുകൊണ്ട് ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ട്. ക്ലാസില്‍ കൊണ്ടുവരുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പ്രവിശ്യ സാമ്പത്തിക സഹായം നല്‍കും.

നോവ സ്‌കോഷിയ

എല്ലാ വിദ്യാര്‍ത്ഥികളും സെപ്റ്റംബറില്‍ സ്‌കൂളിലേക്ക് മടങ്ങും. ക്ലാസ് മുറികള്‍ പുനസംഘടിപ്പിച്ച് ആളകലം ഉറപ്പാക്കും. വിദ്യാര്‍ഥി സമ്പര്‍ക്കം കുറയ്ക്കാന്‍ ചെറു ഗ്രൂപ്പുകള്‍ സൃഷ്ടിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായിരിക്കും. സ്‌കൂളിലെ സമ്മേളനങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. കഫറ്റീരിയകളും സ്‌കൂള്‍ ഭക്ഷണ പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ മേശകളില്‍ ഉച്ചഭക്ഷണം കഴിക്കാനാകും. ടനാഴികളിലും പൊതുവായ സ്ഥലങ്ങളിലും പോലുള്ള സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ക്ലാസ്സില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാകില്ല.

പ്രിന്‍സ് എഡ്വാര്‍ഡ് ദ്വീപ്

മുഴുവന്‍ സമയ ക്ലാസുകള്‍ പുനരാരംഭിക്കും. അണുബാധ ലഘൂകരിക്കുന്നതിനും ക്ലാസ് മുറികള്‍ക്കുള്ളില്‍ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകള്‍ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിക്കും. സ്‌കൂള്‍ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി കുട്ടികളെ സ്‌കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കും. തിരക്ക് ഒഴിവാക്കാന്‍ ഡ്രോപ്പ്-ഓഫ്, പിക്കപ്പ് സമയങ്ങള്‍, ഉച്ചഭക്ഷണ ഇടവേളകള്‍, വിശ്രമം എന്നിവ ക്രമീകരിക്കും. 

ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍

കോവിഡ് വ്യാപന സാധ്യതകള്‍ വര്‍ധിച്ചാല്‍ വിദൂര പഠനത്തിലേക്കോ ഹൈബ്രിഡ് മോഡലിലേക്കോ മടങ്ങും. വ്യക്തിഗത സ്‌കൂള്‍ ജില്ലകള്‍ അവരുടെ സ്‌കൂളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതികള്‍ നിര്‍ണ്ണയിക്കും. ശാരീരിക അകലം പാലിക്കുന്നതിനും ക്ലാസ്‌റൂമുകളും മറ്റ് ഇടങ്ങളും ക്രമീകരിക്കുന്നതിനും ശുചിത്വത്തിനായുള്ള പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കുന്നതിനും രോഗബാധിതരായ വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുന്നതിനും അവര്‍ക്കായിരിക്കും ഉത്തരവാദിത്തം.

നൂനാവത്തില്‍, കോവിഡ് നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ വീണ്ടും തുറക്കും. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍, സ്‌കൂള്‍ പുനരാരംഭിക്കാന്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളും ജീവനക്കാരും ദിവസേനയുള്ള കോവിഡ് സ്‌ക്രീനിംഗിന് വിധേയരാകണം. ശാരീരിക അകലം ഉറപ്പാക്കിയാകും ക്ലാസ് മുറികള്‍. സ്‌കൂള്‍ ബസ്സുകളില്‍ മാസ്‌ക് നിര്‍ബന്ധം. 

യുക്കോണില്‍, ശാരീരിക അകലം, ക്ലാസ് വലുപ്പങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവിശ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് ഓരോ സ്‌കൂളുകള്‍ക്കുമാണ് ഉത്തരവാദിത്തം. സ്‌കൂള്‍ വീണ്ടും തുറക്കുന്നതുസംബന്ധിച്ച കാര്യങ്ങള്‍ സെപ്റ്റംബറിന് മുമ്പ് അധികൃതര്‍ സര്‍ക്കാരുമായി പങ്കിടും.

Other News