വേള്‍ഡ്  മലയാളി കൗണ്‍സില്‍ കാനഡയിലെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി 


JULY 3, 2019, 7:27 PM IST

പ്രവാസിമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ലോക മലയാളി പരിഷത്) കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജൂണ്‍ മാസം ഇരുപത്തി മൂന്നാം തീയതി ബ്രാംപ്ടണില്‍  വച്ചു നടന്ന സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നും എത്തിയ പ്രതിനിധികളുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.ബ്രാംപ്ടണില്‍  വച്ചു നടന്ന സമ്മേളനത്തില്‍  പി. സി. മാത്യു (അമേരിക്ക റീജിയന്‍ ചെയര്‍മാന്‍)  ജയിംസ് കൂടല്‍ (അമേരിക്ക റീജിയന്‍  പ്രസിഡന്റ്)സുധീപ് നമ്പ്യാര്‍ (അമേരിക്ക റീജിയന്‍ സെക്രട്ടറി) ,കോശി ഉമ്മന്‍ (അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ സംസാരിച്ചു. 

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരു സംഘടന എന്ന ആശയത്തോടെ അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ 1995 ജൂലൈ മൂന്നാം തീയതി ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC ) സംഘടന ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസിമലയാളികളുടെ ക്ഷേമത്തിനും സാഹോദര്യത്തിനും ഒത്തൊരുമക്കും  വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ന് നോര്‍ത്ത് അമേരിക്ക,  യൂറോപ്പ്, ആഫ്രിക്ക,  ഗള്‍ഫ് രാജ്യങ്ങള്‍,  സിംഗപ്പൂര്‍ മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങിയ ഫാര്‍ ഈസ്റ്റ്,  ഓസ്‌ട്രേലിയ,  ഇന്ത്യ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇന്ന് WMC  നേതൃത്വത്തില്‍ സംഘടനയുടെ കീഴിലുള്ള കള്‍ച്ചറല്‍ ഫോറം വിവിധ റീജിയണുകളിലുള്ള മലയാളി അംഗങ്ങള്‍ക്ക് വേണ്ടി കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും മുറുകെപ്പിടിച്ച് കൊണ്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.ചാരിറ്റി ഫോറം  ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായ സഹായം നല്‍കുന്നതോടൊപ്പം കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഫോറം ചെറുതും വലുതുമായ മലയാളി സംരംഭകര്‍ക്ക് വേണ്ടിയുള്ള സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു. സ്ത്രീകളുടെ ക്ഷേമത്തിന് ആയിട്ടുള്ള വിമന്‍സ് ഫോറവും ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോറവും സംഘടനയ്ക്കുണ്ട്. കാനഡയിലെ WMC സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തില്‍ നിന്നും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഒരു കമ്മിറ്റി തെരഞ്ഞെടുക്കുകയും പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 

WMC പ്രൊവിന്‍സ്  കൌണ്‍സില്‍  ഭാരവാഹികള്‍

ചെയര്‍മാന്‍ സോമോന്‍ സക്കറിയ കൊണ്ടൂര്‍, പ്രസിഡന്റ് ബിജു തോമസ്, ജനറല്‍ സെക്രട്ടറി  ടിജോ തോമസ്, ട്രഷറര്‍ നിയാസ് ഹംസ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ റവ. ഫാദര്‍. ഡാനിയേല്‍ പുല്ലേലില്‍, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍  ബിജു പോത്തന്‍, വൈസ് ചെയര്‍മാന്‍മാരായി  ബിനി ജോജി, സാബു മണി മണിമലേത്, മോന്‍സി തോമസ്, വൈസ് പ്രസിഡണ്ട് മാരായി  നിധിന്‍ നായര്‍, ബോബി ചിറയില്‍, ജിനീഷ് ഫ്രാന്‍സിസ്, ജോയിന്‍ ട്രഷറര്‍ ബിന്‍സ് ജോയ്, ജോയിന്‍ സെക്രട്ടറി വിപിന്‍ രാജന്‍, ഇലക്ഷന്‍ കമ്മീഷണര്‍ മാത്യുസ് പോത്തന്‍, കമ്മിറ്റി മെമ്പര്‍മാരായി ജിക്കു ജോസഫ്, ചിക്കു ജോസഫ്,  ജിനു എബ്രഹാം, ചാര്‍ലി ജോസഫ് എന്നിവരെയും ബിസിനസ് ഫോറം ചെയര്‍മാനായി  മനു മോന്‍ എബ്രഹാം, യൂത്ത് ഫോറം ചെയര്‍മാന്‍ ജെയ്‌സണ്‍ ജെയിംസ്, വുമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍  ജാനറ്റ് ബിജു, കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍  ഷിബു എബ്രഹാം, ചാരിറ്റി ഫോറം ചെയര്‍മാന്‍  ബിജു തോമസ് തുടങ്ങിയവരെയും മീഡിയ കോര്‍ഡിനേറ്ററായി  ജിജു തോമസ്, ജസ്റ്റിന്‍ മാത്യു,  ജോസ് ജോര്‍ജ്,  ജോജി വിളനിലം എന്നിവരെയും തിരഞ്ഞെടുത്തു. 

സമ്മേളനത്തിന് പങ്കെടുത്തവര്‍ക്ക് നിയുക്ത ചെയര്‍മാന്‍  സോമോന്‍ സക്കറിയ കൊണ്ടൂര്‍ നന്ദി അറിയിച്ചു. കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും മലയാളി പ്രവാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സംഘടനയില്‍ കനേഡിയന്‍ മലയാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.