വിരമിക്കല്‍ ആലോചനയിലില്ല; മാര്‍പാപ്പയെ നിങ്ങള്‍ക്ക് മാറ്റാമെന്ന് പോപ്പ്


JULY 30, 2022, 11:02 PM IST

നുനാവട്: രാജിവെക്കുന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെങ്കിലും വാതില്‍ തുറന്നിരിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടയിലാണ് വടക്കന്‍ നുനാവടില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. 

മാര്‍പാപ്പ സ്ഥാനമൊഴിയുന്നതില്‍ തെറ്റൊന്നുമില്ലെന്നു പറഞ്ഞ അദ്ദേഹം വിചിത്രമായ കാര്യമല്ല അതെന്നും അതൊരു ദുരന്തമല്ലെന്നും നിങ്ങള്‍ക്ക് മാര്‍പാപ്പയെ മാറ്റാമെന്നും പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളത്തില്‍ വീല്‍ ചെയറിലാണ് അദ്ദേഹം ഇരുന്നത്. 

കാല്‍മുട്ടിന്റെ അസ്ഥിബന്ധങ്ങള്‍ കാരണം തനിക്ക് പഴയതുപോലെ യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാര്‍പാപ്പ സമ്മതിച്ചു. ഒരാഴ്ച നീണ്ട തന്റെ കാനഡ സന്ദര്‍ശനം പരീക്ഷണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

രാജിയെ കുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും വേഗത കുറക്കണമെന്ന് ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു. തന്റെ പ്രായത്തിലും പരിമിതികള്‍ക്കിടയിലും സഭയെ സേവിക്കുന്നതിന് തന്റെ ഊര്‍ജ്ജം ലാഭിക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിനാലും പരിപാടിയും ജനക്കൂട്ടവും പരിമിതപ്പെടുത്തുകയും ചെയ്തു. വീല്‍ചെയറും വാക്കറും ചൂരലും ഉപയോഗിച്ചുള്ള തന്റെ ആദ്യ യാത്രയെ കുറിച്ച് അദ്ദേഹം വിശദമാക്കി. 

ഈ വര്‍ഷം ആദ്യമാണ് അദ്ദേഹത്തിന്റെ വലതു കാലിന്റെ അസ്ഥിബന്ധങ്ങള്‍ക്ക് ആയാസമുണ്ടാക്കിയത്. ലേസര്‍, മാഗ്നററിക്ക് തെറാപ്പി എന്നിവയ്ക്ക് ശേഷം ജൂലായ് ആദ്യവാരം ഷെഡ്യൂള്‍ ചെയ്തിരുന്ന ആഫ്രിക്കന്‍ യാത്ര അദ്ദേഹത്തിന് റദ്ദാക്കേണ്ടി വന്നു. 

കാനഡ യാത്ര മാര്‍പാപ്പയ്ക്ക് ദുഷ്‌ക്കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കസേരകളില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഇറങ്ങുമ്പോഴും ഫ്രാന്‍സിസിന് വേദന അനുഭവപ്പെടുന്ന നിരവധി നിമിഷങ്ങളുണ്ടായി.

Other News