ആടുജീവിതം സംഘത്തിന് സ്വീകരണം നല്കി ജോര്‍ദ്ദാനിലെ ഹോട്ടല്‍


MAY 19, 2020, 3:37 PM IST

അമ്മാൻ: ആടുജീവിതം സിനിമയുടെ ജോർദ്ദാനിലെ ചിത്രീകരണം അവസാനിച്ചതോടെ ചലച്ചിത്ര സംഘത്തിന് ഹോട്ടലിൽ സ്വീകരണം. ഹോട്ടലിലെ സ്വീകരണ വീഡിയോ പുറത്തു വന്നതോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോർദ്ദാൻ ഷെഡ്യൂൾ അവസാനിച്ച വിവരം ക്രൂ അംഗങ്ങളുമായുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ അറിയിച്ചതത്. 

ജോർദ്ദാനിലെ വാദിറാം മരുഭൂമിയിലെ ലൊക്കേഷനിൽ നിന്ന് താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് ഹോട്ടലധികൃതർ ഇവർക്ക് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളവുമൊക്കെയായാണ് സ്വീകരണം നല്കിയത്. വീഡിയോ പൃഥ്വിയുടെ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ്. പൃഥ്വിയും സംവിധായകൻ ബ്ലെസിയും സിനിമയുടെ ക്രൂ അംഗങ്ങളും സ്വീകരണ ചടങ്ങിലുണ്ട്.

കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണ സമയത്ത് സിനിമയുടെ ക്രൂ തങ്ങിയത് ഈ ഹോട്ടലിലായിരുന്നു. ഇപ്പോൾ ജോർദാൻ വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിൽ കഴിയുന്ന പൃഥ്വിക്കും സിനിമയുടെ ക്രൂവിനും സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാർച്ച് പതിനാറിന് ജോർദ്ദാനിൽ ഷൂട്ട് തുടങ്ങിയ ചിത്രം കൊവിഡ് വ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടി വന്നു. പിന്നീട് ഏപ്രിൽ 24നാണ് ജോർദ്ദാനിലെ വാദിറാമിൽ ഷൂട്ട് പുനരാരംഭിച്ചത്. 58 പേർ അടങ്ങുന്ന ഇന്ത്യൻ സംഘവും മുപ്പതോളം ജോർദാൻ സ്വദേശികളുമാണ് ചിത്രീകരണസംഘത്തിൽ ഉൾപ്പെട്ടിരുന്നത്.