ആടുജീവിതത്തിനായി വീണ്ടും ബ്രേക്കെടുക്കും, എമ്പുരാന്‍ അടുത്ത വര്‍ഷം പകുതിയോടെ; പൃഥിരാജ്


OCTOBER 7, 2021, 11:36 AM IST

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിനായി വീണ്ടും ബ്രേക്കെടുക്കുമെന്ന് നടന്‍ പൃഥിരാജ്. ആടുജീവിതത്തിനു വേണ്ടി വീണ്ടും കുറച്ച് ട്രാന്‍സ്ഫൊര്‍മേഷന്‍ നടത്തണമെന്നും പൃഥിരാജ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാന്‍ ഫെബ്രുവരി അവസാനം അള്‍ജീരിയയിലേക്ക് പോകും. ഇത് പുനരാരംഭിക്കുന്നതിനു മുന്‍പ് വീണ്ടും ശാരീരികമായ മേക്കോവര്‍ നടത്തേണ്ടതുണ്ട്. ഇതിനായി ഡിസംബര്‍ മുതല്‍ സിനിമാസംബന്ധിയായ മറ്റു തിരക്കുകളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്.

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതം പൂര്‍ത്തിയാക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു. 'ആടുജീവിതത്തിനുവേണ്ടി വീണ്ടും ഡിസംബര്‍ മുതല്‍ ഞാന്‍ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അള്‍ജീരിയയില്‍ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂള്‍ ആണ് ഉള്ളത്. അതു പൂര്‍ത്തിയാക്കി ജോര്‍ദ്ദാനിലേക്ക് തിരിച്ചെത്തും. ജോര്‍ദ്ദാനിലും ഒരു വലിയ ഷെഡ്യൂള്‍ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ചിത്രീകരിക്കാനുണ്ട്- പൃഥിരാജ് പറയുന്നു. ആടുജീവിതത്തിനുവേണ്ടി നേരത്തെ ശാരീരികമായ വലിയ തയ്യാറെടുപ്പുകള്‍ പൃഥി നടത്തിയിരുന്നു. 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് കഴിഞ്ഞ വര്‍ഷം നടന്ന ജോര്‍ദ്ദാന്‍ ഷെഡ്യൂളില്‍ പൃഥ്വി പങ്കെടുത്തത്.

 അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം പകുതിയോടെയെത്തുമെന്നും പൃഥിരാജ് പറഞ്ഞു. എമ്പുരാനു വേണ്ടി ഇപ്പോള്‍ ചെയ്യാവുന്ന എല്ലാ ജോലികളും ഞങ്ങള്‍ ചെയ്യുന്നുണ്ട്്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ലോകം കോവിഡിനു മുന്‍പുള്ള പഴയ അവസ്ഥയിലേക്ക് എത്തണം. ആ ചിത്രത്തിനായുള്ള ലൊക്കേഷന്‍ കാണാന്‍ പോലും ഈ അവസ്ഥയില്‍ പോകാന്‍ സാധിക്കില്ല. അടുത്ത വര്‍ഷം പകുതി ആകുമ്പോഴേക്കും ബാക്കി ജോലികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷ സത്യമാകട്ടെ- പൃഥിരാജ് കൂട്ടിച്ചേര്‍ത്തു