നടന്‍ അനില്‍ മുരളി അന്തരിച്ചു


JULY 30, 2020, 7:14 PM IST

കൊച്ചി: നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ചാണ് അനില്‍ മുരളി മരിച്ചത്.

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനില്‍ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്.

കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. പിന്നീട് ബോക്സര്‍, ഇവര്‍, ചാക്കോ രണ്ടാമന്‍, ബാബ കല്യാണി, പുതിയ മുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു

ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു.

മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്‍ ഒരുക്കിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.  തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

കൊടി, തനി ഒരുവന്‍, മിസ്റ്റര്‍ ലോക്കല്‍, നാടോടികള്‍ 2, വാള്‍ട്ടര്‍ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാഗിലേ കാശി, ജണ്ട പൈ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങള്‍

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറന്‍സികായിരുന്നു അവസാന ചിത്രം.ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.

Other News