ആശാ ശരത്തിനെതിരെ സൈബര്‍ ആക്രമണം; എവിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി


JULY 6, 2019, 5:18 PM IST

എവിടെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആശ ശരത്ത് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദം പുതിയ വഴിത്തിരിവില്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുയെന്നാരോപിച്ച് നടിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. നടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപം ചൊരിയുന്ന കമന്റുകള്‍ തടയുക എന്നതാണ് പരാതിയുടെ ലക്ഷ്യം. നേരത്തെ അഭിഭാഷകന്‍ ശ്രീജിത്ത് നടിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആശ ശരത്ത് ഒരു നടി എന്ന തന്റെ റോള്‍ ചെയ്യുകയായിരുന്നെന്നും അവര്‍ ചിത്രവുമായി പരമാവധി സഹകരിച്ചെന്നും അതിന്റെ പേരില്‍ അവരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വീഡിയോ പ്രമോഷനാണെന്ന് അതിന്റെ മുകളില്‍ എഴുതിയതാണ്. അത് വെട്ടിമാറ്റിയ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

എവിടെ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ജെസിയായി അഭിനയിക്കുന്നത് ആശ ശരത്താണ്. ജെസിയുടെ ഭര്‍ത്താവായ സക്കറിയയെ കാണാനില്ലെന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ നടി പോസ്റ്റുചെയ്തത്. എന്നാല്‍ നടിയുടെ ഔദ്യോഗിക പേജില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറയുന്ന വീഡിയോ കണ്ടപ്പോള്‍ ആരാധകര്‍ പരിഭ്രാന്തിയിലായി. എന്നാല്‍ അത് പ്രോമോഷന്‍ വീഡിയോ ആണെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്.