ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം


OCTOBER 7, 2020, 4:17 PM IST

മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് ആരോപണത്തിലാണ് സുശാന്ത്ിന്റെ കാമുകിയായിരുന്ന റിയയെ അറസ്റ്റ് ചെയ്തത്. അതേസമയം, റിയക്കൊപ്പം അറസ്റ്റിലായ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. റിയയ്ക്ക് പുറമേ, സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത്, മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇരുവരും 50,000 രൂപ വീതം കെട്ടിവെക്കണം.

കഴിഞ്ഞ മാസം എട്ടിനാണ് റിയ ചക്രബര്‍ത്തിയെ നാര്‍കോടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ നാലിനാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. നേരത്തേ, റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം റിയയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ ഇരുപത് വരെ കോടതി നീട്ടിയിരുന്നു. മുംബൈ ബൈക്കുള ജയിലിലാണ് റിയയെ പാര്‍പ്പിച്ചിരുന്നത്.

സുശാന്ത് സിങ്ങിന് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ റിയ പറഞ്ഞിരുന്നത്. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ഏജന്‍സികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്‌ക്കെതിരെ നല്‍കിയ സാമ്പത്തിക ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്

Other News