ചന്ദ്രനിലേയ്ക്ക് പോകാന്‍ പറഞ്ഞ ബി.ജെ.പി നേതാവിന് മറുപടിയുമായി അടൂര്‍


JULY 26, 2019, 6:18 PM IST

തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ജയ് ശ്രീറാം വിളികേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ചന്ദ്രനിലേയ്ക്ക് പോകാനാണ് അടൂരിനോട് ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശം. എന്നാല്‍ ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലയേക്ക് പോകാം എന്ന മറുപടിയുമായി അടൂര്‍ രംഗത്തെത്തി.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞകാലത്തെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് ആഗ്രഹിക്കുന്നതെന്നും അടൂര്‍ വിശദീകരിച്ചു. തങ്ങളാരും രാഷ്ട്രീയക്കാരോ പ്രതികരണതൊഴിലാളികളോ അല്ല. അതുകൊണ്ടുതന്നെ അപ്പോള്‍ പ്രതികരിക്കാത്തതെന്ത്? എന്നചോദ്യത്തിന് പ്രസക്തിയില്ല. അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് ഇപ്പോഴുള്ള പ്രതികരണം എന്ന് സൂചിപ്പിച്ച നേതാവറിയേണ്ടത് തനിക്കിനി ഒരു അവാര്‍ഡും കിട്ടാന്‍ ബാക്കിയില്ല എന്നതാണെന്ന് അടൂര്‍ പറഞ്ഞു.

ആള്‍ക്കൂട്ടമായാല്‍ ആരും ശിക്ഷിക്കപ്പെടില്ല എന്നതാണ് ഇവരുടെ ധൈര്യമെന്നും എന്നാല്‍ കുറ്റം ചെയ്തവര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.  ദേശീയ ചാനലിലെ പലരും ക്ഷോഭിച്ചുകൊണ്ട് വിളിച്ചുവെന്നും എല്ലാവര്‍ക്കും മാനസികനില തകര്‍ന്നോ എന്നാണ് സംശയമെന്നും പത്രക്കാരുടെ ചോദ്യത്തിന് അടൂര്‍ മറുപടി നല്‍കി.