പുസ്തത്തില്‍ നിന്നു സിനിമയിലേയ്ക്കുള്ള ദൂരം ഒരുപാടെന്ന് ബ്ലെസി


FEBRUARY 19, 2021, 9:31 PM IST

കൊച്ചി: പുസ്തകത്തില്‍ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകന്‍ ബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടുജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോവല്‍ സിനിമയാകുമ്പോള്‍ വായനക്കാരന്റെ ഭാവനയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ എളുപ്പമല്ല. പുസ്തകത്തിനു ലഭിച്ച സ്വീകാര്യത സിനിമയ്ക്ക് ലഭിക്കുമോ എന്നത് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേളയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 80കളില്‍ തുടങ്ങി ഫിലിം സൊസൈറ്റിയില്‍ അംഗമായിരുന്നു. വലിയ സാംസ്‌കാരിക വിനിമയങ്ങള്‍ ആണ് മേളയില്‍ നടക്കുന്നത്. സിനിമ കാണാനും സിനിമയിലെ അണിയറക്കാരുമായുള്ള സംവാദങ്ങളും മേള പ്രദാനം ചെയ്യുന്നു.

ചെണ്ടമേളം വീട്ടില്‍ ഇരുന്നു ഓണ്‍ലൈനില്‍ കാണുമ്പോള്‍ നഷ്ടപ്പെടുന്ന ആരവം ആണ് ഓണ്‍ലൈനില്‍ സിനിമ കാണുമ്പോള്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ ടെക്‌നോളജിയുടെ വികസനത്തെ അവഗണിക്കാന്‍ സാധ്യമല്ലെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.