സിനിമാ പ്രമോഷന്‍ വീഡിയോയാണെന്ന് വ്യക്തമാക്കാതെ പറ്റിക്കല്‍ പോസ്റ്റിട്ട ആശാ ശരത്തിനെതിരെ കേസ്


JULY 5, 2019, 5:14 PM IST

കൊച്ചി: എവിടെ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ആശാ ശരത്ത് വീഡിയോ പോസ്റ്റിടുകയും അത് വൈറലായി മാറുകയും ചെയ്തിരുന്നു. പ്രമോഷന്‍ എന്ന് വീഡിയോയുടെ മുകളിലെഴുതിയിരുന്നത് ആളുകള്‍ ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം വീഡിയോ പോസ്റ്റിടുന്ന നടിയുടെ ഈ വീഡിയോയും സത്യമാണെന്ന് പലരും തെറ്റിദ്ധരിച്ചു.പിന്നീട് രൂക്ഷമായ വിമര്‍ശനമാണ് നടിയ്‌ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയുമുണ്ടായത്. തങ്ങള്‍ കബളിക്കപ്പെട്ടുവെന്നും വീഡിയോ ശ്രദ്ധിക്കരുതെന്ന ധാരണയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ ചെയ്തതെന്നും പലരും ആരോപിക്കുകയായിരുന്നു.

 ഇപ്പോള്‍ പൊതുജനത്തെ കബളിപ്പിച്ചതിന് നടിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇടുക്കി പോലീസ് മേധാവിയ്ക്കാണ് ശ്രീജിത്ത് പരാതി നല്‍കിയിരിക്കുന്നത്.ഐ.പി.സി. 107, 117, 182 വകുപ്പുകള്‍, ഐ.ടി. ആക്ട് സി.ആര്‍.പി.സി. വകുപ്പുകള്‍, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ലോക്‌സഭയില്‍ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം താന്‍ ആരേയും പറ്റിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ ഭര്‍ത്താവിന്റെ പേര് സക്കറിയ അല്ലെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണെന്നും നടി ആശാ ശരത്ത് വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ബോബി സഞ്ജയ് തിരക്കഥ എഴുതി കെകെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയായിരുന്നു ആശാ ശരത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ ജെസിയായിട്ടായിരുന്നു ആശാ ശരത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ജെസിയുടെ ഭര്‍ത്താവായ സക്കറിയയെ കാണാതാകുന്നു. തുടര്‍ന്ന് ജെസി ആളുകളുടെ സഹായം തേടുന്നു. ഇതാണ് വീഡിയോയില്‍ ചിത്രീകരിച്ചത്. എന്നാല്‍ ഇത് ആളുകള്‍ക്ക് മനസ്സിലാകാതെ പോവുകയും സംഭവം വിവാദമാവുകയുമായിരുന്നു.

Other News