സ്താനാര്‍ത്തി ശ്രീക്കുട്ടനില്‍ പരാതി പരിഹാര സെല്ലില്ല; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ മിന്നല്‍ പരിശോധന


NOVEMBER 16, 2022, 6:26 PM IST

കൊച്ചി: സിനിമ സെറ്റിലെത്തി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മിന്നല്‍ പരിശോധന. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന സിനിമയുടെ ലോക്കേഷനിലെത്തിയാണ് അധ്യക്ഷ സതീദേവി പരിശോധന നടത്തിയത്. സിനിമ ലോക്കേഷനില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐ സി സി) രൂപീകരിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എറണാകുളത്തെ ബ്രഹ്മപുരം സ്‌കൂളിലെത്തി വനിതാ കമ്മീഷന്‍ പരിശോധന നടത്തിയത്.

ഐ സി സിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ മറുപടി നല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച രേഖാ തെളിവുകള്‍ ഒന്നുംതന്നെ അവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതിന് പുറമെ സിനിമ ചിത്രീകരണത്തെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല. കൂടാത ഐ സി സിയെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് മാത്രമല്ല ഐ സി സി രൂപീകരിച്ചിട്ടുണ്ടെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും കൃത്യമായ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നില്ല അത്. 

സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയെ ചിത്രത്തിന്റെ വിശദ വിവരം എഴുതി അറിയിക്കണമെന്നും ഐ സി സി രൂപീകരിക്കണമെന്നും ഐ സി സി ഉണ്ടെന്ന് ലോക്കേഷനില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും വനിത കമ്മീഷന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ചിത്രീകരണം കഴിയുന്നത് വരെ ഐ സി സി യോഗങ്ങള്‍ കൃത്യമായി കൂടണമെന്നും കമ്മീഷന്‍ അറിയിച്ചു. 

ഐ സി സി രൂപീകരിച്ചിരുന്നെന്നും അമ്മ മരിച്ചത് ഈയടുത്തായതിനാലാണ് രേഖാപരമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോയതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് നിഷാന്ത് പിള്ള പറഞ്ഞു. വനിതാ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് നാല് വനിതകളടങ്ങുന്ന ഒരു കമ്മറ്റിക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു. പല സിനിമകളും നിര്‍മ്മാതാക്കളുടെ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ചിത്രീകരണം തുടങ്ങുന്നത്. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഐ സി സിയെക്കുറിച്ച് മോണിറ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് ഐ സി സി മോണിറ്ററിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജി സുരേഷ് കുമാര്‍ പറഞ്ഞു.

Other News