കോമഡി, ഭയം, പ്രതികാരം; ലക്ഷ്മി ബോംബ് ട്രെയ്ലര്‍ മണിക്കൂറുകള്‍ കൊണ്ട് വൈറല്‍


OCTOBER 10, 2020, 4:06 PM IST

ചെന്നൈ: തമിഴില്‍ രാഘവ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വന്‍വിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം ദീപാവലി വെടിക്കെട്ടായി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഒ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസിലാന്റ്, ഓസ്ട്രേലിയ, യു എ  ഇ എന്നിവിടങ്ങളില്‍ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

നര്‍മ്മവും ഭയവും പ്രതികാരവും കോര്‍ത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്ലര്‍ യു ട്യൂബില്‍ പുറത്തിറങ്ങി  മണിക്കൂറുകള്‍ക്കകം തന്നെ ദശലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി.. ഹൊറര്‍ ത്രില്ലറായ  ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന 'ലക്ഷ്മിബോംബി'ലെ മറ്റു അഭിനേതാക്കള്‍ തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്മി ബോംബി'ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. അതുകാണ്ടു തന്നെ ആരാധകര്‍ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. 'ലക്ഷ്മി ബോംബ്' അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത് എന്നതും സവിശേഷതയാണ്.

ട്രയിലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Other News