കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദ്ദേശം


NOVEMBER 8, 2022, 4:01 PM IST

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം. പൊലീസ് ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഡി ജി പി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 

സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡി ജി പി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ എസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭ സംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ടീസര്‍ പറയുന്നത്. 

സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്. കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുയെന്ന് ചൂണ്ടിക്കാണിച്ച് സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു. സംസ്ഥാനത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിനിമ നിരോധിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി.

Other News