നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍


JANUARY 10, 2020, 7:48 PM IST

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം വരുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണം എന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാകും അതെന്നും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അടുത്ത വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യം സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു. സി എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വിചാരണ പൂര്‍ത്തിയാക്കുന്നത് വരെ കേസുമായി ബന്ധം ഇല്ലാത്തവര്‍ക്ക് കൈമാറരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Other News