ഹിഗ്വിറ്റ സിനിമാ വിവാദത്തില്‍ ചര്‍ച്ച പരാജയം


DECEMBER 6, 2022, 9:10 PM IST

കൊച്ചി: 'ഹിഗ്വിറ്റ' സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ അണിയറ പ്രവര്‍ത്തകരുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം. പേരുമായി മുന്നോട്ട് പോകാന്‍ എന്‍ എസ് മാധവന്റെ എന്‍ ഒ സി ആവശ്യമാണെന്നും വിഷയത്തില്‍ ഫിലിം ചേംബര്‍ നിസ്സഹായരാണെന്ന് അറിയിച്ചതായും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്‍ എസ് മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരില്‍ വിമര്‍ശനം നേരിടവെയാണ് ഫിലിം ചേംബര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. പേര് മാറ്റില്ലെന്ന നിലപാടില്‍, നിയമപരമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 

സിനിമയുടെ കഥയ്‌ക്കോ കഥാപാത്രങ്ങക്കോ 'ഹിഗ്വിറ്റ' എന്ന എന്‍ എസ് മാധവന്റെ കഥയുമായി സാമ്യമില്ല. സിനിമാകഥയുടെ സംക്ഷിപ്ത രൂപവും എന്‍ എസ് മാധവന്റെ പുസ്തകവും കൊണ്ടുവന്നിരുന്നു. എന്നാല്‍ അവര്‍ അത് നോക്കിയിട്ടില്ല. മാധവനെ ആണ് ബോധ്യപ്പെടുത്തേണ്ടത് എന്നാണ് ചേംബര്‍ പറയുന്നത്. പേരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയത് മുതല്‍ ഞങ്ങളെ തുണച്ചവരെ തള്ളിപ്പറയാനാകില്ല. വേറെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയന്‍ ഗോളിയുടെ പേരാണ് സിനിമയ്ക്ക് എടുത്തിരിക്കുന്നത്. എന്‍ എസ് മാധവന്‍ എഴുതിയ കഥയ്ക്കും മുന്‍പേ പ്രശസ്തനാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തിന്റെ കഥ വായിച്ചിട്ടുണ്ട്, എന്നാല്‍ അതിനും മുന്‍പേ ഗോളിയെ നമുക്ക് അറിയുന്നതുമാണ്. എന്താണ് ചെയ്ത തെറ്റെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ ഫിലിം ചേംബര്‍ നിസ്സഹായരാണ് എന്നാണ് അറിയിച്ചത്. എന്‍ എസ് മാധവന്റെ എന്‍ ഒ സി വേണമെന്ന് അറിയിച്ചു. ഈ പേരുമായി മാത്രമാണ് മുന്നോട്ട് പോവുക. നിയമപരമായി നേരിടും,' സംവിധായകന്‍ ഹേമന്ത് ജി നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഈ ദിവസങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന 'ഹിഗ്വിറ്റ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തന്റെ ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തി. 'ഹിഗ്വിറ്റ' എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. പേര് വിവാദം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. എഴുത്തുകാരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. ഹിഗ്വിറ്റ എന്ന കഥ മൗലിക സൃഷ്ടിയാണെങ്കിലും പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാന്‍ ആകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Other News