മലയാള സിനിമയിലേക്ക്  പുത്തന്‍ പ്രതീക്ഷകളുമായി ചുവടുവെച്ച് അമേരിക്കന്‍ മലയാളി യുവാവ് 


FEBRUARY 5, 2023, 8:11 AM IST

മലയാള സിനിമയിലേക്ക്  പുത്തന്‍ പ്രതീക്ഷകളുമായി ചുവടുവെച്ച്  അമേരിക്കന്‍ മലയാളി  യുവാവ്  മെല്‍വിന്‍  താനത്ത് !

അമേരിക്കയില്‍  ജനിച്ചു വളര്‍ന്ന് ഫ്‌ലോറിഡയിലെ മയാമിയില്‍ സ്ഥിരതാമസിക്കുന്ന മെല്‍വിന്‍ എക്‌സ്‌പെരിമെന്റ് 5 എന്ന മലയാളം സിനിമയില്‍ നായക വേഷത്തില്‍  എത്തുന്നു .

മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലില്‍ ഒരു ഹോളിവുഡ് ശൈലിയില്‍  ഒരുങ്ങുന്ന ഈ ചിത്രം  ആതിരപ്പള്ളി ചാലക്കുടി തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ജനുവരി 10 ന് ചിത്രീകരണം പൂര്‍ത്തിയാക്കി.

ഫെബ്രുവരി  അവസാനത്തോടെ പടം തീയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ  വൈരുദ്ധ്യങ്ങളെ  ആക്ഷേപഹാസ്യ രൂപത്തില്‍ ടിക് ടോക്കില്‍ അവതരിപ്പിക്കുന്ന വീഡിയോ സീരീസ്  ചെയ്ത് അമേരിക്കയിലെ ഇന്ത്യന്‍  യുവജനങ്ങളുടെ ഇടയില്‍  സുപരിചിതനായ മെല്‍വിന്‍, മയാമിയിലെ ലാര്‍കിന്‍  മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജും സിമിയും ആണ് മാതാപിതാക്കള്‍. മിയാമിയില്‍ വിദ്യാര്‍ത്ഥികളായ മിച്ചല്‍, മിലന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്

മിഡില്‍ സ്‌കൂള്‍  പഠന കാലത്തു തൊടുപുഴയിലെവില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍  രണ്ടുവര്‍ഷക്കാലം പഠിച്ചതിനാല്‍ മലയാളവും മലയാള സിനിമയും ആയി  ഉണ്ടായ അടുപ്പം എക്‌സ്‌പെരിമെന്റ് 5 എന്ന ചെയ്യുവാനുള്ള ധൈര്യവും പ്രചോദനവും നല്‍കിയതായി മെല്‍വിന്‍ അഭിപ്രായപ്പെടുന്നു . മലയാളി പ്രേക്ഷകരുടെയും  പ്രവാസി  മലയാളികളുടെയും മുഴുവന്‍ പിന്തുണയും ഉണ്ടാവണമെന്നും  ഈ സിനിമ എല്ലാവരുംതീയറ്ററില്‍ പോയി കണ്ടു  സപ്പോര്‍ട്ട് ചെയ്യണമെന്നും മെല്‍വിന്‍ അഭ്യര്‍ത്ഥിച്ചു .

എസ്‌തേപ് സ്റ്റാര്‍ ക്രിയേഷന്‍സും നമോ പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിന്‍  ചന്ദ്രന്‍ നിര്‍വഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടര്‍ ആയി  നിതീഷ്  കെ  നായര്‍ , തിരക്കഥ സുധിഷ് &ലോറന്‍സ് , ഛായാഗ്രഹണം  സാഗര്‍.  സ്ഫടികം  ജോര്‍ജ് , അംബികാ മോഹന്‍, ബോബന്‍ ആലുമ്മൂടന്‍ , കിരണ്‍  രാജ്, മജിഷ് , സന്ധ്യ, ഋഷി, സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയല്‍ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു.

ശ്യാം ധര്‍മന്റെ  സംഗീതത്തില്‍ നജിം അര്‍ഷാദ്, സിത്താര തുടങ്ങിയവര്‍ ആലപിച്ച മനോഹര ഗാനങ്ങളും ആയി, ഫെബ്രുവരി അവസാനത്തോടെ  ചിത്രം തീയേറ്ററുകളില്‍ എത്തും.


റിപ്പോര്‍ട്ട് സുമോദ് നെല്ലിക്കാല


Other News