ആര്‍ട്ടിക്കിള്‍ 370 ഭേദഗതി; സിനിമാ രംഗം പ്രതിസന്ധിയില്‍


AUGUST 7, 2019, 3:54 PM IST

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്ത് പത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തില്‍ ജമ്മുകാശ്മീര്‍ നിശ്ചലമായപ്പോള്‍ പുലിവാലു പിടിച്ചവരുടെ കൂട്ടത്തില്‍ സിനിമാ പ്രവര്‍ത്തകരും. ബോളിവുഡ് തൊട്ട് തമിഴ്,തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിംഗ് നിറുത്തിവയ്‌ക്കേണ്ട സാഹചര്യം ഇതോടെ സംജാതമായി. എത്ര സംഘര്‍ഷഭരിതമാണെങ്കിലും ഇന്ത്യന്‍ സിനിമകളുടെ ഷൂട്ടിംഗ് പറുദീസയായിരുന്നു എന്നും കാശ്മീര്‍.

സിദ്ധാര്‍ഥ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവ ചരിത്രം പ്രമേയമാകുന്ന ചിത്രം 'ഷേര്‍ഷ', പൂജ ബട്ട്, ആലിയ ബട്ട് മഹേഷ്ഭട്ട്, സഞ്ജയ് ദത്ത് ആദിത്യ റോയ് കപൂര്‍,മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ ഒരുമിക്കുന്ന 'സടക് ടു,ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പേരിടാത്ത തെലുങ്ക് സിനിമ,വെങ്കിടേഷിന്റെ വെങ്കൈ മാമ,ജോണ്‍ അബ്രഹാമിന്റെ റോമിയോ അക്ബര്‍ വാള്‍ട്ടര്‍, അഭിഷേക് ബച്ചന്റെ മാന്‍മര്‍സിയാന്‍, അര്‍ജുന്‍ രാംപാലിന്റെ ഫൈനല്‍ കോള്‍, ഇമ്രാന്‍ ഹാഷ്മിയുടെ വെബ് സിരീസായ ബാര്‍ഡ് ഓഫ് ബ്ലഡ്്, ആലിയ ബട്ടിന്റെ കലങ്ക്, റാസി തുടങ്ങിയ ചിത്രങ്ങളാണ് പാതിവഴിയില്‍ നിറുത്തിവച്ചത്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് എന്തെങ്കിലും കുഴപ്പമുണ്ടാകുമോയെന്ന സംശയത്തിലാണ് പല സിനിമയും നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം ഇനിഷൂട്ടിംഗ് പുനരാരംഭിക്കാന്‍ വലിയ തുക മുടക്കേണ്ടതായി വരികയും ചെയ്യും. കാലാവസ്ഥ മാറിയാല്‍ അതും പ്രശ്‌നമാകും. 

ഷൂട്ടിങ്ങ് ഷെഡ്യൂള്‍ പൂര്‍ണമായും മാറ്റേണ്ടി വരുമെന്നും പല അഭിനേതാക്കളുടേയും തിയതി കിട്ടാന്‍ ഇനി ബുദ്ധിമുട്ടുമെന്നും ഇതിനെക്കുറിച്ച് സംവിധായകന്‍ സിദ്ദാര്‍ഥ പ്രതികരിച്ചു.