ഐ എഫ് എഫ് കെ; ക്ലാര സോളയ്ക്ക് സുവര്‍ണ ചകോരം


MARCH 25, 2022, 11:09 PM IST

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി അല്‍വാരേസ് മെസെന്‍ സംവിധാനം നിര്‍വഹിച്ച ക്ലാര സോളയ്ക്ക്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ക്ലാര സോളയുടെ പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അല്‍വാരെസിനാണ്.

മികച്ച സംവിധായകനുള്ള രജത ചകോരം ഇനെസ് മരിയ ബാരിയോനുയെവോവിന്. കാമില കംസ് ഔട്ട് ടുനൈറ്റ് എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്‌ക്കാരം. 

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ് എസ് എ കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത ഐ ആം നോട്ട് ദി റിവര്‍, മലയാള ചിത്രമായ താര രാമാനുജന്റെ നിഷിദ്ധോ എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു. 

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമര്‍ സംവിധാനം ചെയ്ത 'യു റീസെമ്പില്‍ മി' തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിനു കാമില കംസ് ഔട്ട് ടുനൈറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അര്‍ഹയായി. 

ഇസ്രയേല്‍ ചിത്രം 'ലെറ്റ് ഇറ്റ് മി മോര്‍ണിംഗും' ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. 

മലയാളത്തില്‍ നവതരംഗം തീര്‍ത്ത ചിത്രം 'സ്വയംവര'ത്തിന് അന്‍പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായി മലയാള സിനിമയുടെ ഇതിഹാസമായ അടൂര്‍ ഗോപാലകൃഷ്ണനെ ഐ എഫ് എഫ് കെ വേദി ആദരിച്ചു. 

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ടി പത്മനാഭന്‍ വിശിഷ്ടാതിയായി. ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ദിവസം ഭാവനയ്ക്ക് നല്‍കിയ സ്വീകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഇത്തവണത്തെ ചലച്ചിത്ര മേള ഇതുവരെയുള്ള മേളകളെക്കാളും വ്യത്യസ്തമാണ്. അത് മേളയില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം എന്നത് കൊണ്ട് മാത്രമല്ല. ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ദിവസം ഭാവനയ്ക്ക് നല്‍കിയ സ്വീകരണമാണ് എന്ന് ടി പത്മനാഭന്‍ വേദിയില്‍ പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന കാണികള്‍ക്കും ലോകമെമ്പാടുമുള്ള കാണികള്‍ക്കും അത്ഭുതമായിരുന്നു അത്. നിലക്കാത്ത കരഘോഷത്തോടെ അവര്‍ക്ക് ലഭിച്ച സ്വാഗതം കൊണ്ടുമാത്രമാണ് ഇക്കൊല്ലത്തെ ചലച്ചിത്രമേള മറ്റെല്ലാ മേളയെക്കാളും മികച്ചതാകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ് മുഖ്യാതിഥിയായി എത്തിയത്. താരത്തിന് ടി എന്‍ ബാലഗോപാല്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

Other News