കമല്‍ഹാസന് സിനിമയില്‍ 60 വര്‍ഷം


AUGUST 13, 2019, 4:10 PM IST

ഇന്ത്യന്‍ സിനിമയിലെ അത്ഭുതം ഉലകനായകന്‍ കമല്‍ഹാസന്  സിനിമയില്‍ 60 വര്‍ഷം.  ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പം 'കളത്തൂര്‍ കണ്ണമ്മ'യിലൂടെ ആറാം വയസിലായിരുന്നു കമല്‍ഹാസന്റെ  അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു.കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തുന്നത്. ശ്രീവിദ്യയായിരുന്നു നായിക.  തുടര്‍ന്നിങ്ങോട്ട് തമിഴ്, മലയാളം,ഹിന്ദി,കന്നഡ,ബംഗാളി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ നായകനായി. ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകള്‍.

 അഭിനയത്തിലും ശരീരത്തിലും  കടുത്ത പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞ് കഥാപാത്രങ്ങള്‍ക്കും പ്രൊഫഷനും വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന കമല്‍ഹാസന്‍ തുടക്കം തൊട്ടുതന്നെ ഇന്ത്യന്‍ സിനിമയ്ക്ക് അത്ഭുതമായിരുന്നു. അതിപ്പോഴും അങ്ങിനെ തുടരുന്നു എന്നിടത്താണ് കമല്‍ഹാസന്‍ വ്യത്യസ്തനാകുന്നത്. 

സംവിധായകന്‍,നിര്‍മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച കമല്‍ ഹാസന്‍ കഴിഞ്ഞവര്‍ഷം രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലു തവണ സ്വന്തമാക്കി (മൂന്നാം പിറൈ, നായകന്‍, തേവര്‍ മകന്‍, ഇന്ത്യന്‍). 1990ല്‍ പത്മശ്രീയും 2014ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Other News