കമല്‍ഹാസന്റെ മികച്ച നടന്മാരുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഈ താരവും....


NOVEMBER 8, 2019, 4:17 PM IST

ചെന്നൈ: തന്റെ അറുപത്തിയഞ്ചാം പിറന്നാളാഘോഷത്തില്‍ ഇന്ത്യയിലെ നിലവിലെ മികച്ച നടന്മാരുടെ ലിസ്റ്റ് വെളിപെടുത്തിയിരിക്കയാണ് ഇന്ത്യന്‍ നടന ഇതിഹാസം ഉലകനായകന്‍ കമല്‍ഹാസന്‍. അദ്ദേഹം തന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ പേര് വെളിപെടുത്തുമ്പോള്‍ മലയാളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. കാരണം മലയാളിളുടെ പ്രിയപ്പെട്ട ഈ താരവും ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, ന്യൂജനറേഷന്‍ നായകനായ ഫഹദ് ഫാസിലാണ് കമല്‍ഹാസന്റെ ഇഷ്ട നടന്മാരുടെ ലിസ്റ്റില്‍ കയറിപറ്റിയിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കയാണ് എന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കവേ കമല്‍ ഹാസന്‍ പറഞ്ഞു. കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

വീട്ടിലെ ആഘോഷത്തിനുശേഷം നടന്ന പൊതുചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമല്‍ അനാച്ഛാദനംചെയ്തു. അതിന് ശേഷം സംസാരിക്കുകയായിരുന്നു കമല്‍. കമലിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ മികച്ച അഭിനേതാവ് ആരാണെന്ന് ചോദിച്ചപ്പോള്‍, ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവര്‍ മികച്ച നടന്‍മാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമല്‍ പ്രതികരിച്ചു.  

മറ്റെവിടെയും പോകാനില്ലാതെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഒരു സ്വതന്ത്ര്യസമരത്തിന്റെ ആവശ്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ രാജ്യത്തെ പ്രധാനപ്രശ്‌നമാണ്. സര്‍വകലാശാലകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാകില്ല. നമ്മുടെ ഭാഗത്തുനിന്നും പ്രയത്‌നമുണ്ടാകണം. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.