ഉലകനായകനെ വരവേറ്റ് കൊച്ചി; വിക്രത്തിനു പ്രൗഢഗംഭീര പ്രീ ലോഞ്ച് ഇവന്റ് 


MAY 28, 2022, 5:58 PM IST

കൊച്ചി: വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രീ ലോഞ്ച് ഇവെന്റില്‍ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച് കമല്‍ ഹാസന്‍. വിക്രത്തിലെ ഏറെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകര്‍ക്കായി ആലപിച്ച കമല്‍ ഹാസന്‍ എന്നും തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു.

അവതാരകന്‍ മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം എന്നാണ് കമല്‍ ഹാസന്‍ അടുത്ത പടം എന്ന് ചോദിച്ചപ്പോള്‍ നല്ല സ്‌ക്രിപ്റ്റ് ഒത്തുവന്നാല്‍ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസന്‍, നരേന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേരള ഡിസ്ട്രിബ്യൂട്ടര്‍ കൂടിയായ ഷിബു തമീന്‍സിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബുവാണ് സ്വാഗതം രേഖപ്പെടുത്തിയത്. ചടങ്ങിന് മാറ്റ് കൂട്ടാന്‍ വിക്രം ഗാനത്തിന് ആഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു. പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ വയലിനില്‍ തീര്‍ത്ത കമല്‍ ഹാസന്‍ പാട്ടുകളുടെ സംഗീതത്തില്‍ ആണ് കമല്‍ ഹാസന്‍ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയില്‍ വിക്രം വിക്രം വിളികളാല്‍ കേരളക്കര കമല്‍ഹാസനെ സ്വീകരിച്ചു. കേരളത്തില്‍ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി ആര്‍ ഒ- പ്രതീഷ് ശേഖര്‍.

Other News