മെട്രോമാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; രാമസേതുവിൽ ശ്രീധരനായി ജയസൂര്യ 


JULY 23, 2019, 9:00 PM IST

പൊന്നാനി:മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം കേന്ദ്ര പ്രമേയമായി സിനിമ.ജയസൂര്യ ശ്രീധരന്റെ വേഷമിടുന്ന രാമസേതു എന്ന ചിത്രം വി കെ പ്രകാശ‌് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ‌് മറ്റൊരു പ്രധാന വേഷം ചെയ്യും.അജയ് നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ പേരും ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്ററും പൊന്നാനിയിലെ വീട്ടിൽ  ഇ ശ്രീധരൻ പരസ്യപ്പെടുത്തി.

ചിത്രം ബയോപിക് അല്ലെന്നും തനത് ശൈലിയിലുള്ള കഥാചിത്രമാണെന്നും സംവിധായകൻ വി കെ പ്രകാശ് വിശദീകരിച്ചു.1964ലെ പാമ്പൻ പാലം പുനർനിർമാണംമുതൽ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ‌് സിനിമയുടെ പശ‌്ചാത്തലം. 30 വയസ്സുകാരനായ ഇ ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിർമാണത്തിൽ സജീവമായ എൺപത്തേഴുകാരനായ മെട്രോമാനിലേക്ക‌് നീളുന്നു. 

വമ്പൻ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രീധരൻ കാഴ‌്ചവച്ച വ്യത്യസ‌്തമായ പ്രോജക‌്ട‌് മാനേജ‌്മെന്റ‌് അനുഭവങ്ങളെ ജീവിതഗന്ധിയായ  മറ്റൊരു കഥയുടെ സമാന്തരത്തിലൂടെയാണ‌് സിനിമ അവതരിപ്പിക്കുന്നത‌്. വികസനപദ്ധതികളുടെ യഥാർഥ ഗുണഭോക്താക്കൾ ആരാകണമെന്ന പ്രസക്തമായ ചോദ്യത്തിന‌് ഇ ശ്രീധരന്റെ വികസന കാഴ‌്ചപ്പാടിലൂടെ ഉത്തരം നൽകുകയാണ‌് സിനിമ. 

എസ് സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം രവി കെ ചന്ദ്രൻ.നിർമാണം അരുൺ നാരായണൻ. ജയസൂര്യ കഴിഞ്ഞയാഴ‌്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവർത്തകരുടെയും ആവശ്യപ്രകാരം സിനിമയ‌്ക്ക‌് എല്ലാ പിന്തുണയും നൽകുമെന്ന‌് ഇ ശ്രീധരൻ അപ്പോൾ വ്യക്തമാക്കുകയുണ്ടായി.

35 വർഷംമുമ്പാണ‌് താൻ അവസാനമായി സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കൽപ്പിക കഥയുടെ പശ‌്ചാത്തലത്തിൽ തന്റെ ഔദ്യോഗിക ജീവിതകാലമാകെ കടന്നുവരുന്ന സിനിമയുടെ കഥ ശ്രീധരനും ഭാര്യ രാധയും ശ്രദ്ധാപൂർവം കേട്ടു. ഇരുവർക്കും കഥ ഇഷ‌്ടപ്പെട്ടെന്നും അറിയിച്ചു.വിഷുവിന് ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് ആലോചന.