കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത 'ആയിഷ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 20 മുതല്‍ പ്രേക്ഷകരിലേക്കെത്തും. മലയാളത്തിലെ ആദ്യ ഇന്തോ- അറബിക് ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എത്തുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ നിര്‍മ്മാതാവും 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകനുമായ സക്കറിയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ധീന് മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രന് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ആഷിഫ് കക്കോടിയുടെതാണ് തിരക്കഥ. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് 'ആയിഷ' എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ക്ലാസ്മേറ്റ്സിലെ ശ്രദ്ധേയ കഥാപാത്രം റസിയയെ അവതരിപ്പിച്ച രാധിക ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു എ ഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രം 'ലിഗര്‍'ന് ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അപ്പു എന്‍ ഭട്ടതിരിയാണ് കൈകാര്യം ചെയ്തത്. ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീത പകര്‍ന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് 'സരിഗമ'യാണ്. പ്രഭുദേവ കോറിയോഗ്രഫി നിര്‍വഹിച്ച് മാസ്മരിക നൃത്തചുവടുകളോടെ പുറത്തിറങ്ങിയ 'ആയിഷ'യിലെ 'കണ്ണിലെ കണ്ണിലെ' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നാണ് ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരുന്നത്.
കലാസംവിധാനം- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ് - വിപിന്‍ കുമാര്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി എം കെ.