മീടൂ ആരോപണം; വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്


NOVEMBER 8, 2019, 5:05 PM IST

കല്പറ്റ: സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ച കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കേസന്വേഷിച്ച കല്‍പറ്റ പോലീസ്. യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിചാരണ വൈകാതെ ആരംഭിക്കും.കല്പറ്റ സി.ജെ.എം. കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേയുള്ളത്.

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി. ജൂണ്‍ 20ന് കല്പറ്റ പോലീസ് സ്റ്റേഷനില്‍ ഹാജരായ നടനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു. 

ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.