മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍


MAY 21, 2020, 1:34 PM IST

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപതാംപിറന്നാള്‍ പിറന്നാള്‍. നാലുപതിറ്റാണ്ടായി നൂറുകണക്കിന് സിനിമകളിലെ വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ നടനാണ് മോഹന്‍ലാല്‍.

നിരവധി അവാര്‍ഡുകളും ബഹുമതികളും ഇക്കാലയളവില്‍ അഭിനയ രാജാവിനെ തേടിയെത്തി. മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ അഭിനേതാവ് ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി, അവിടെയുള്ള ആളുകള്‍ക്കും രോമാഞ്ചം ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ സമ്മാനിച്ചു. ആക്ഷന്‍ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണല്‍ സീനുകളായാലും മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മലയാള സിനിമയില്‍ ആരുമില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരില്‍ പ്രമുഖ നിരയിലാണ് മോഹന്‍ലാലിന്റെ സ്ഥാനം.

ലോക്ക് ഡൗണ്‍ ആയതിനാല്‍ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നും ഇല്ല മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്. ചെന്നൈയിലെ വീട്ടില്‍ ഭാര്യ സുചിത്രക്കും മകന്‍ പ്രണവിനുമൊപ്പമാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. മകള്‍ വിസ്മയ വിദേശത്താണ്. രണ്ട് മാസത്തോളമായി ചെന്നൈയില്‍ തന്നെയാണ് മോഹന്‍ലാല്‍. അമ്മ ശാന്തകുമാരിയുടെ ഒപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ വിചാരിച്ചുവെങ്കിലും മോഹന്‍ലാലിന് കൊച്ചിയില്‍ താമസിക്കുന്ന അമ്മയ്ക്ക് അടുത്തേക്ക്, എത്താല്‍ കഴിഞ്ഞില്ല.

1960ല്‍ മെയ് 21ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്. ഇലന്തൂര്‍ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ലാല്‍ വളര്‍ന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും അഭിനയ കുലപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാലിന് ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു. ആപത് ഘട്ടത്തില്‍ സഹജീവികളെ സഹായിക്കാനും മടിക്കാറില്ല മലയാളത്തിന്റെ ലാലേട്ടന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു.

അടുത്തതായി മോഹന്‍ലാലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം സൂപ്പര്‍ ഹിറ്റായിരുന്നു. സംവിധായകന്‍ ജിത്തു ജോസഫും മോഹന്‍ലാലും സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്.