നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു


OCTOBER 17, 2022, 5:36 AM IST

കൊച്ചി: നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ടുമാറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു നില്‍ക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്.

തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ചിത്രീകരണം ഉദ്ഘാടനം ചെയ്തത്. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗവും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപ പ്രകാശനം നടത്തി. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോംഗ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിള്‍ മാത്സണ്‍, കലാ സംവിധാനം ലിന്‍സണ്‍ റാഫേല്‍, എഡിറ്റിംഗ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി ലാസര്‍.

Other News