ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് നേട്ടം


AUGUST 9, 2019, 4:36 PM IST

ന്യൂഡല്‍ഹി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമ നേട്ടങ്ങള്‍ കൊയ്തു. മലയാളിയും തെന്നിന്ത്യന്‍ താരവുമായ കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മഹാനടി എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രി ശ്രീധരനും ജോസഫിലെ അഭിനയത്തിന് ജോജുവും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.ഈയിടെ അന്തരിച്ച എം.ജെ രാധാകൃഷ്ണന്‍ മികച്ച ഛായഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ വര്‍ക്കിനാണ് മരണാനന്തരം എംജെ രാധാകൃഷ്ണനെ അവാര്‍ഡ് തേടിയെത്തിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.

ആയുഷ്മാന്‍ ഖുറാനയും (അന്ധദുന്‍)  വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാര്‍. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സംവിധായകന്‍ ആദിത്യ ധറാണ് മികച്ച സംവിധായകന്‍. 

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്‌കാരം ആനന്ദ് കിര്‍കിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്‌കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.

നടി ശ്രുതി ഹരിഹരനും ചന്ദ്രചൂഡ് റായിക്കും  പ്രത്യേക പരാമര്‍ശമുണ്ട്.

പുരസ്‌കാരം നേടിയവര്‍

ചിത്രം: ഹെല്ലാരോ (ഗുജറാത്തി)

മികച്ച നടന്‍: ആയുഷ്മാന്‍ ഖുറാന (അന്ധധും), വിക്കി കൗശല്‍ (ഉറി).

നടി: കീര്‍ത്തി സുരേഷ് (മഹാനടി).

സഹനടന്‍: സ്വാനന്ദ് കിര്‍കിരെ (കംബാക്ക്).

സഹനടി: സുരേഖ സിക്രി (ബദായി ഹൊ).

 പ്രത്യേക പരാമര്‍ശം: ജോജു ജോര്‍ജ് (ജോസഫ്), സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരന്‍ (നത്തിചിരാമി).

ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണന്‍ (ഓള്).

മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

ആക്ഷന്‍: കെ.ജി. എഫ്.

നൃത്തസംവിധാനം: ഗുമര്‍ (പത്മാവത്).

സംഗീതസംവിധാനം: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

ജനപ്രിയ ചിത്രം: ബദായി ഹൊ

പരിസ്ഥിതി വിഷയം: പാനി.

സാമൂഹിക വിഷയം: പാഡ്മാന്‍.

കുട്ടികളുടെ ചിത്രം: സര്‍ക്കാരി ഏരിയ പ്രാഥമിക ഷാലെ കാസര്‍ക്കോട്.

സ്‌പെഷ്യല്‍ ഇഫക്റ്റ്: കെ.ജി.എഫ്.

പശ്ചാത്തല സംഗീതം: ഉറി

സൗണ്ട് ഡിസൈന്‍: ഉറി

ഗായിക: ബിന്ദു (മായാവി മാനവെകന്നഡ)

ഗായകന്‍: അര്‍ജിത് സിങ് (ബിന്ദെ ദില്‍)