ഗോവ ഫിലിം ഫെസ്റ്റിവലില്‍ നെടുമുടി, പുനീത്, ദിലീപ് കുമാര്‍ തുടങ്ങിയവരെ അനുസ്മരിക്കും


NOVEMBER 20, 2021, 7:03 PM IST

പനാജി: ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ വര്‍ഷം നെടുമുടി വേണുവിനെ ആദരിക്കും. പുനീത് രാജ്കുമാര്‍, ദിലീപ് കുമാര്‍, സുമിത്ര ഭാവെ, സഞ്ചാരി വിജയ്, സുരേഖ സിക്രി തുടങ്ങിയവരെയും വേദിയില്‍ അനുസ്മരിക്കും. 

ഇന്ന് വൈകിട്ട് 7 മണിക്കാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നവംബര്‍ 28 വരെയാണ് ഐ എഫ് എഫ് ഐ നടക്കുന്നത്. 73 രാജ്യങ്ങളില്‍നിന്ന് 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി', ജയരാജിന്റെ 'നിറയെ തത്തകളുള്ള മരം' തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാള ചിത്രങ്ങള്‍.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ മാതൃകയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.